ന്യൂഡല്‍ഹി: മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലേക്ക് കൂട്ട പലായനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,000 മ്യാന്‍മര്‍ പൗരന്മാരാണ് മിസോറാമിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ ഭരണത്തിലിരിക്കുന്ന സൈന്യവും മിലിഷ്യ ഗ്രൂപ്പായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സും (പിഡിഎഫ്) തമ്മില്‍ വെടിവയ്പ്പ് നടന്നതായി മ്യാന്‍മറിലെ ചിന്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) ജെയിംസ് ലാല്‍റിഞ്ചാന പിടിഐയോട് പറഞ്ഞു.
Read Also: തീവ്രവാദത്തോട് വിട്ടുവീഴ്ച്ചയില്ല; ഭീകരവാദികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി
ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തി ഗ്രാമങ്ങളായ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങളെ പിഡിഎഫ് ആക്രമിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് ശക്തമായത്. ഖൗമാവി, റിഹ്ഖാവ്ദര്‍, ചിന്നിലെ അയല്‍ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2,000ലധികം ആളുകള്‍ വെടിവയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ചമ്പായി ജില്ലയിലെ സോഖാവ്തറില്‍ അഭയം പ്രാപിച്ചതായും ലാല്‍റിഞ്ചാന പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മ്യാന്‍മര്‍ സൈനിക താവളമായ റിഹ്ഖൗദര്‍ മിലിഷ്യ സംഘം ഏറ്റെടുത്തത്. ഉച്ചയ്ക്ക് ശേഷം ഖൗമാവിയിലെ താവളവും അവര്‍ ഏറ്റെടുത്തു. ഇതിന് പ്രതികാരമായി മ്യാന്‍മര്‍ സൈന്യം തിങ്കളാഴ്ച ഖവിമാവി, റിഹ്ഖാവ്ദര്‍ ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റ 17 പേരെ ചികിത്സയ്ക്കായി ചമ്പായില്‍ എത്തിച്ചതായി ലാല്‍റിഞ്ചാന പറഞ്ഞു.
Post Your Comments