Latest NewsNewsIndia

ചാച്ചാജിയുടെ ഓർമയിൽ ഇന്ന് ശിശുദിനം: ആശംസകള്‍ നേരാം…

നവംബർ 14 ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനം. നവംബർ 14 എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചില്‍ റോസാപ്പൂവുമായി നിൽക്കുന്ന ചാച്ചാജിയാകും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. കുട്ടികളെ നെഹ്റു ഹൃദയം കൊണ്ട് സ്നേഹിച്ചപ്പോൾ, അയാൾ അവർക്ക് ചാച്ചാജിയായി മാറുകയായിരുന്നു.

1989 നവംബർ 14നാണ് നെഹ്റു ജനിച്ചത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ചിന്തയിലൂന്നിയാണ് അദ്ദേഹം പ്രവർത്തിച്ചത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കൻ നെഹ്റു നടത്തിയ പരിശ്രമങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് കരുത്തായതെന്നത് ചരിത്രമാണ്.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമയ്ക്കായി കുരുന്നുകൾ ശിശുദിനത്തിൽ റോസാപ്പൂ പരസ്പരം കൈമാറാറുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ധാരാളം പേർ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ നെഹ്റുവിനെ കാണാൻ ദിവസം എത്താറുണ്ടായിരുന്നു. ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാനായി ക്യൂവിൽനിന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അവരെ നെഹ്റുവിന് അടുത്തേക്ക് കടത്തിവിട്ടില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രം ധരിച്ച സന്ദർശകരെയുമാണ് അവർ കടത്തിവിട്ടത്. ഇത് ആ സ്ത്രീയിൽ മാനസിക വിഷമമുണ്ടാക്കി. തന്റെ വീട്ടുമുറ്റത്ത് വളർന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നൽകാൻ ആ സ്ത്രീക്ക് ഇല്ലായിരുന്നു.

പക്ഷേ നെഹ്റുവിന് തന്റെ സമ്മാനം എങ്ങനെയും നൽകണമെന്ന ആഗ്രഹത്താൽ ഓരോ ദിവസവും റോസാപ്പൂവുമായി അവർ കാണാനെത്തി. ഈ വിവരം നെഹ്റു അറിഞ്ഞില്ല. ഒരു ദിവസം സുരക്ഷാ ജീവനക്കാരുമായി സ്ത്രീ തർക്കിക്കുന്നത് നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ കടത്തി വിടാൻ നിർദേശിച്ചു. അവർ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും കുപ്പായത്തിന്റെ ഒരു ഭാഗത്ത് കുത്തിവയ്ക്കുകയും ചെയ്തു. സമ്മാനമെന്തായാലും അത് തരാനുളള മനസിനെ നെഹ്റു പ്രകീർത്തിച്ചു. പിന്നീട് നെഹ്റുവിന്റെ അടയാളമായി റോസാപ്പൂ മാറി.

പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രധാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button