KeralaLatest News

ദുരിതാശ്വാസ ഫണ്ട് തിരിമറി: വിധി സത്യസന്ധമല്ല, ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: പരാതിക്കാരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്തയുടെ വിധി സത്യസന്ധമല്ലെന്നും ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. വിധിയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ശശികുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഉപലോകായുക്തമാർക്ക് ഭാവിയിൽ പ്രയോജനം ലഭിക്കും. ദുരിതാശ്വാസ നിധി സ്വന്തക്കാർക്ക് വീതിച്ച് നൽകാനുള്ളതല്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. രാമചന്ദ്രൻനായരുടെ പുസ്തക പ്രകാശന ചടങ്ങിൽ ഉപലോകായുക്തമാർ പങ്കെടുത്തത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിക്കും.

ക്യാബിനറ്റ് ഒന്നിച്ചു കട്ടാൽ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിലപാട്. ഇങ്ങനെയാണെങ്കില്‍ ലോകായുക്ത വേണ്ട എന്ന് വെക്കണം. കേസ് നീട്ടിക്കൊണ്ട് പോയത് സർക്കാരിന് അനുകൂലമായി വിധിയെഴുതാനാണെന്നും ശശികുമാര്‍ ആരോപിച്ചു.

അതേസമയം, അഴിമതിക്ക് തെളിവില്ലെന്നാണ് ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നൽകിയ നടപടിക്രമത്തെ ലോകായുക്‌ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിയില്‍ വിമര്‍ശിച്ചു. എന്നാല്‍, മന്ത്രിസഭാ തീരുമാനത്തില്‍ ലോകായുക്തക്ക് പരിശോധിക്കാൻ അധികാരമില്ല.

ഫണ്ട് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ നൽകിയപ്പോൾ മന്ത്രിസഭ അംഗീകാരം വാങ്ങി. ഒരു അപേക്ഷയും പണം ലഭിച്ചവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അപേക്ഷകൾ ചട്ടം അനുസരിച്ച് പരിശോധിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല തുക അനുവദിച്ചത്. മൂന്നു പേരുടെയും അപേക്ഷ വാങ്ങിയിട്ടില്ലെന്നും ലോകായുക്ത വിമര്‍ശിച്ചു.

ഫണ്ട് പൊതുജനങ്ങളുടേതാണ്. പണം ലഭിച്ചവരെ ലോകായുക്ത കേട്ടിട്ടില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ക്രമകേട് നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിസഭ അംഗങ്ങള്‍ നേടിയിട്ടില്ലെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. ഫണ്ട് അനുവദിച്ചത് നടപടിപാലിച്ചല്ലെന്ന വിമര്‍ശനമുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാകുന്ന വിധിയാണ് ലോകായുക്ത പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button