കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ ഭർതൃമതിയായ അധ്യാപികയുമായി ഉണ്ടായിരുന്ന ഒന്‍പത് വർഷത്തെ പ്രണയം യുവ അധ്യാപകന് അവസാനിപ്പിച്ചതോടെ മകളെ കൊന്നു ജീവനൊടുക്കി അധ്യാപിക. അധ്യാപകൻ വേറെ വിവാഹിതനാവാന്‍ തീരുമാനിച്ചതറിഞ്ഞതിന് പിന്നാലെയാണ് അഞ്ചര വയസുള്ള മകളുമൊന്നിച്ച് അധ്യാപിക ജീവനൊടുക്കിയത്.
പ്രവാസിയായ ഭർത്താവിന്റെ പരാതിയില്‍ 29കാരനായ അധ്യാപകന് അറസ്റ്റിലായി. കാസർകോട് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളും മരിച്ച സംഭവത്തിലാണ് സുഹൃത്തായ അധ്യാപകൻ അറസ്റ്റിലായത്. ബാര സ്വദേശി സഫ്വാൻ ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകൾ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിലാണ് യുവതിയുടെ സുഹൃത്തും സ്വകാര്യ സ്കൂൾ അധ്യാപകനുമായ ബാര എരോൾ സ്വദേശിയും 29 വയസുകാരനുമായ സഫ്വാനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭർത്താവ് നൽകിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
മറ്റൊരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന റുബിനയെ സാമൂഹിക മാധ്യമം വഴിയാണ് സഫ്വാൻ പരിചയപ്പെടുന്നത്. ഭർതൃമതിയായ യുവതി ഒൻപത് വർഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് അധ്യാപികയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് പേരുടേയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments