മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ബൊണ്ടല്‍ സ്വദേശിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ. വാദിരാജി(51) യാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ സമയത്തായിരുന്നു സംഭവം. വാദിരാജിന്റെ ഭാര്യ രാവിലെ കുട്ടികളുടെ സ്‌കൂളില്‍ മീറ്റിംഗിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. വാദിരാജിനെ കാത്ത് ഫ്‌ളാറ്റിന്റെ പുറത്ത് നിന്ന് ഡ്രൈവര്‍, അദ്ദേഹത്തെ ദീര്‍ഘനേരമായി കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡ്രൈവറാണ് വാദിരാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് വാദിരാജിനെ കണ്ടതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വാദിരാജ് സ്വയം കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments