കഴിഞ്ഞയാഴ്ച ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഒരു അമേരിക്കൻ നഴ്‌സ് യുദ്ധബാധിത ഗാസയിലെ മരവിപ്പിക്കുന്ന അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം കാരണം താനും തന്റെ സംഘവും പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയിലെത്തിയെന്ന് അവർ പറഞ്ഞു. ഉപരോധിച്ച ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേൽ നടത്തിയ നിരന്തര ബോംബാക്രമണങ്ങൾക്കിടയിൽ ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെയും താൻ കണ്ടതായി അവർ പറഞ്ഞു. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന എയ്ഡ് ഗ്രൂപ്പിന്റെ നഴ്‌സ് ആക്‌റ്റിവിറ്റി മാനേജരായ എമിലി കല്ലഹാൻ ആണ് തനിക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചത്.
‘മുഖത്തും കഴുത്തിലും കൈകാലുകളിലെല്ലാം പൊള്ളലേറ്റ നിലയിൽ ആയിരുന്നു കുട്ടികൾ. കുടിവെള്ളം ലഭിക്കാത്ത അഭയാർഥി ക്യാമ്പുകളിലേക്കാണ് കുട്ടികളെ അയച്ചിരുന്നത്. ദക്ഷിണ ഗാസയിലെ യുഎൻ നടത്തുന്ന ഖാൻ യൂനിസ് പരിശീലന കേന്ദ്രത്തിൽ നാല് ടോയ്‌ലറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ 12 മണിക്കൂറിലും രണ്ട് മണിക്കൂർ മാത്രമായിരുന്നു വെള്ളം ലഭിച്ചിരുന്നത്. ആശുപത്രികൾ വളരെയധികം നിറഞ്ഞിരിക്കുന്നതിനാൽ, കുട്ടികളെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യുമായിരുന്നു’, കല്ലഹാൻ വ്യക്തമാക്കി.
20,000-ത്തിലധികം ആളുകൾ ഖാൻ യൂനിസ് സൗകര്യത്തിൽ താമസിക്കുന്നു. പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ കണക്കനുസരിച്ച്, ഗാസയിലെ മൊത്തം ജനസംഖ്യയുടെ 70 ശതമാനവും രണ്ട് ദശലക്ഷത്തിലധികം ആളുകൾ യുഎൻ അഭയകേന്ദ്രങ്ങളിൽ പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നത്. ജലത്തിനും ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകൾ കാരണം ഇത്തരം അവസ്ഥകൾ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ അപകടസാധ്യത ഉയർത്തിയിട്ടുണ്ട്.
Post Your Comments