ഭോപ്പാൽ: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസംഖ്യാ നിയന്ത്രണ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഈ മോശമായ മനോഭാവം പുലർത്തുന്നവർ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഗുണയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യൻ സഖ്യത്തിലെ ഒരു വലിയ നേതാവ് ഇന്നലെ ബിഹാർ നിയമസഭയിൽ സ്ത്രീകളെ അസഭ്യം പറഞ്ഞു. ഇന്ത്യൻ സഖ്യത്തിലെ ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല. സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ, ഇവർക്ക് എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമോ? നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഈ മോശമായ മനോഭാവം പുലർത്തുന്നവർ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ, ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ പരാമർശം വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, തന്റെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ നിതീഷ് കുമാർ ബുധനാഴ്ച സഭയിൽ ക്ഷമാപണം നടത്തിയിരുന്നു.
Post Your Comments