കോവിഡ്-ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തീർപ്പാകാത്ത റീഫണ്ടുകൾ ഉടൻ യാത്രികർക്ക് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്രസർക്കാർ ഒരാഴ്ചത്തെ സമയമാണ് നൽകിയിരിക്കുന്നത്. അതിനാൽ, അടുത്തയാഴ്ചയോടെ മുഴുവൻ ആളുകൾക്കും റീഫണ്ടുകൾ വിതരണം ചെയ്യേണ്ടതാണ്. കഴിഞ്ഞ ദിവസം ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് പണം തിരികെ നൽകുന്നത് വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 25 മുതൽ നിശ്ചിത കാലയളവിലേക്ക് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. അക്കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികരുടെ പണമാണ് അടുത്തയാഴ്ചയോടെ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ഉപഭോക്തൃകാര്യ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഓംബുഡ്സ്മാനെ നിയമിക്കാനും, പരാതികൾ ഫലപ്രദമായി പരിഹരിക്കാൻ എയർ സേവാ പോർട്ടലുമായി ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ സംയോജിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Post Your Comments