ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിച്ചത്. വിദേശ കമ്പനികളുടെ വരവോടെ രാജ്യത്ത് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപവും കുത്തനെ ഉയർന്നിട്ടുണ്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റേഡിയം ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തിൽ ചൈനയുടെ വിഹിതം 1 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം, ചൈന പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തിൽ 1,180 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം വൻകിട കമ്പനികൾ പലതും ചൈനയിൽ പ്രവർത്തനം ചുരുക്കിയിട്ടുണ്ട്.
സെമി കണ്ടക്ടർ സാങ്കേതികവിദ്യ ഉപയോഗം സംബന്ധിച്ച തർക്കങ്ങളും, ചാര പ്രവർത്തനത്തെ കുറിച്ചുള്ള ആശങ്കകളുമാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് കളം ഒരുക്കിയത്. കൂടാതെ, കോവിഡ് കാലയളവിൽ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങളും ചൈനയിലേക്ക് എത്തുന്ന വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ മാത്രം ചൈനയുടെ കയറ്റുമതിയിൽ 14.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും ഇക്കാലയളവിൽ 12.5 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, ആപ്പിൾ അടക്കമുള്ള ആഗോള ടെക് ഭീമന്മാർ ചൈനയിലെ പ്രവർത്തനം ചുരുക്കി, ഇന്ത്യൻ വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments