Latest NewsKeralaNewsInternational

കേരള സര്‍ക്കാര്‍ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ട് മതി ഹമാസിന്റെ രക്ഷ; ആഞ്ഞടിച്ച് കത്തോലിക്ക മുഖപത്രം

കൊച്ചി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിന് അനുകൂലമായി നിലപാടെടുത്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് കത്തോലിക്ക മുഖപത്രം. കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തെ ഏറ്റവും സന്പന്നമായ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളില്‍ ഒന്നായ ഹമാസ് വരില്ല എന്ന് എഡിറ്റോറിയൽ പരിഹസിച്ചു. ഹമാസിന് പിന്തുണ നൽകിക്കൊണ്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു കത്തോലിക്ക മുഖപത്രമായ ദീപിക.

ദീപികയുടെ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളില്‍ ഒന്നായ ഹമാസ് വരില്ല. കേരള സര്‍ക്കാര്‍ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ടു മതി പശ്ചിമേഷ്യന്‍ നീതി. സംസ്ഥാന സര്‍ക്കാരിനോടാണ്; ഗാസയിലുള്ളവരോടും ഹമാസിനോടും മാത്രം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം അരിയാഹാരം കഴിക്കുന്നവരൊക്കെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. നാടുനീളെ പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തിക്കോളൂ. പക്ഷേ, നിങ്ങളെ തെരഞ്ഞെടുത്ത കേരളത്തിലെ ജനങ്ങളോടും കരുണ കാണിക്കണം.

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ കിട്ടിയിരുന്നെങ്കിലെന്ന് സ്വപ്നം കാണുന്നത് 55 ലക്ഷം പാവങ്ങളാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ തങ്ങള്‍ കൊടുത്ത നെല്ലിന്റെ വില കിട്ടാന്‍ കാത്തിരുന്നു മടുത്തു. റബര്‍ കര്‍ഷകര്‍ കുത്തുപാളയെടുത്തു. ചെയ്ത ജോലിക്കു ശന്പളം കിട്ടുമോയെന്ന ആധിയിലാണ് ഓരോ മാസവും കെഎസ്ആര്‍ടിസി ജീവനക്കാര്‍. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചക്കഞ്ഞിക്കുള്ള കാശുപോലും പ്രധാനാധ്യാപകര്‍ക്കു കൊടുക്കുന്നില്ല. പാര്‍ട്ടിക്കാര്‍ കട്ടുമുടിച്ച സഹകരണ സ്ഥാപനങ്ങളില്‍ പണം നഷ്ടപ്പെട്ടവര്‍ പെരുവഴിയിലാണ്.

വൈദ്യുതിചാര്‍ജും വെള്ളക്കരവും ഉള്‍പ്പെടെ സകലതും വര്‍ധിപ്പിച്ചു ജനങ്ങളെ കുത്തിപ്പിഴിയുകയാണ്. സേവനനികുതികളെല്ലാം കുത്തനെ വര്‍ധിപ്പിച്ചു. എന്നിട്ടും വികസനപദ്ധതികള്‍ക്കൊന്നും പണമില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ വിതരണം ചെയ്യാന്‍ അവശ്യവസ്തുക്കളൊന്നുമില്ല. കാരുണ്യ പദ്ധതിയില്‍ 300 കോടി രൂപ കുടിശികയായതോടെ പദ്ധതിയില്‍നിന്നു തങ്ങള്‍ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികള്‍ മുന്നറിയിപ്പു നല്‍കിയത് സെപ്റ്റംബര്‍ അവസാനമാണ്.

ഇക്കഴിഞ്ഞ ജനുവരിയില്‍ കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടിയായപ്പോള്‍ റിസര്‍വ് ബാങ്ക് പറഞ്ഞത്, സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണെന്നാണ്. ഇതൊന്നും പരിഹരിക്കാതെ, ഹമാസ് എന്ന ഭീകരപ്രസ്ഥാനം വിതച്ച ദുരിതം പത്തിരട്ടിയായി കൊയ്യേണ്ടിവന്ന പലസ്തീനിലെ മനുഷ്യരെ മറയാക്കി നിങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. ഈ കാപട്യം തുടങ്ങിയിട്ട് ഇന്ന് ഒരു മാസമായി. കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തെ ഏറ്റവും സന്പന്നമായ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളില്‍ ഒന്നായ ഹമാസ് വരില്ല.

കേരള സര്‍ക്കാര്‍ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ടു മതി പശ്ചിമേഷ്യന്‍ നീതി. നിങ്ങളെന്തുകൊണ്ടാണ് ലോകത്തു മറ്റെവിടെയും നടക്കുന്ന ക്രൂരമായ മനുഷ്യാവകാശങ്ങള്‍ കാണാതിരിക്കുന്നത് ഇസ്ലാമിസ്റ്റുകളുടെ വംശഹത്യക്ക് ഇരയാകുന്ന ക്രിസ്ത്യാനികളുടെ കാര്യം പോകട്ടെ, മധുരമനോജ്ഞമായ ചൈനയില്‍ നിരാലംബരായ ഉയിഗുര്‍ മുസ്ലിംകള്‍ വംശഹത്യക്ക് ഇരയാകുന്നതു കാണുന്നില്ലേ. അവിടെ അവര്‍ കൊല്ലപ്പെടുന്നതും സ്ത്രീകള്‍ നിരന്തരം മാനഭംഗത്തിനിരയാകുന്നതും 10 ലക്ഷത്തോളം പേര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാന്പുകളില്‍ കഴിയുന്നതും അറിഞ്ഞിട്ടും നിങ്ങളെന്താണ് ഒരൊറ്റ ഐക്യദാര്‍ഢ്യറാലിയും പ്രഖ്യാപിക്കാത്തത്.

നിങ്ങള്‍ മാത്രമല്ല, പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഓട്ടോമന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന തുര്‍ക്കിയോ പോലും എന്തുകൊണ്ട് ചൈനയെ എതിര്‍ക്കുന്നില്ല എന്തൊരു രാഷ്ട്രീയമാണിത്. മ്യാന്‍മറില്‍ രണ്ടാംതരം പൗരത്വത്തിനുപോലും അര്‍ഹതയില്ലാത്ത രോഹിങ്ക്യന്‍ മുസ്ലിംകളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി. ഒരു ഐക്യദാര്‍ഢ്യവും നിങ്ങള്‍ പ്രകടിപ്പിച്ചു കണ്ടില്ല. അതിര്‍ത്തിരാജ്യമായ ബംഗ്ലാദേശ്, കുടിയേറ്റക്കാരും മുസ്ലിംകളുമായ രോഹിങ്ക്യകളെ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും മ്യാന്‍മറിലേക്കു തിരിച്ചുവിടുകയാണ്.

ബംഗ്ലാദേശ് മാത്രമല്ല, അറബികള്‍ ഉള്‍പ്പെടെയുള്ള ഒരു മുസ്ലിം രാജ്യവും അവരെ സ്വീകരിക്കുന്നില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ വലയുന്ന ഗാസ നിവാസികളെ ഈജിപ്തും ജോര്‍ദാനുമൊന്നും തങ്ങളുടെ രാജ്യത്തു കയറ്റാന്‍ സമ്മതിക്കാത്തതുപോലെ! താലിബാനെ ഭയന്നു പാക്കിസ്ഥാനില്‍ അഭയം തേടിയ ലക്ഷക്കണക്കിന് അഫ്ഗാന്‍ മുസ്ലിംകളോടു നാടുവിടാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതു കഴിഞ്ഞയാഴ്ചയാണ്.

അഭയാര്‍ഥികളായി വന്ന് തങ്ങളുടെ രാജ്യത്ത് തീവ്രവാദവും സ്‌ഫോടനവും നടത്തുന്നവരെ പുറത്താക്കുന്നു എന്ന് തീവ്രവാദത്തിനു വളംവച്ചുകൊടുക്കുന്ന പാക്കിസ്ഥാനുപോലും പറയേണ്ടിവന്നു. അഫ്ഗാന്‍ മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസറിന് ഇടിച്ചുനിരത്തുകയായിരുന്നു. സിപിഎം എന്നല്ല, ഒരു മുസ്ലിം സംഘടനയും ഐക്യദാര്‍ഢ്യം നടത്തിയിട്ടില്ല. യെമനില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികളും സര്‍ക്കാരുമായി നടത്തുന്ന യുദ്ധത്തില്‍ രണ്ടു ലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. എല്ലാവരും മുസ്ലിംകള്‍. അവിടെ ഇസ്രായേലല്ല, യെമനും സൗദിയും ഇറാനുമാണ് കക്ഷികള്‍.

അതുകൊണ്ട് കേരളത്തില്‍ ഒരു ഐക്യദാര്‍ഢ്യവും ഇല്ല. ഹൂതികള്‍ സൗദിയിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇസ്രയേല്‍ നടത്തിയതുപോലുള്ള തിരിച്ചടിക്ക് സൗദി ഒരു നിമിഷം വൈകില്ല. പക്ഷേ, പ്രതിഷേധിക്കാന്‍ ആളില്ല. യെമനില്‍ ഭക്ഷണവും വെള്ളവുമില്ലാതെ 25 ലക്ഷത്തോളം ആളുകള്‍ നരകിക്കുകയാണെന്ന് യുഎന്‍ പറയുന്നു. കേരളത്തില്‍ ഒരു റാലിയുമില്ല. ഇറാനില്‍ സ്വാതന്ത്ര്യമില്ലാതെ നരകിക്കുന്നത് മുസ്ലിം സ്ത്രീകള്‍തന്നെയാണ്. തലമുണ്ടിനിടയിലൂടെ മുടിയൊന്നു പുറത്തുകണ്ടാല്‍ അടികൊണ്ടു മരിക്കും. ഹിജാബ് തെറ്റായി ധരിച്ചതിന് ഇറാന്‍ പോലീസ് തല്ലിക്കൊന്ന മഹ്‌സ അമിനിക്കുവേണ്ടിയോ അതിനെ തുടര്‍ന്നുള്ള സമരത്തില്‍ തൂക്കിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മുസ്ലിംകള്‍ക്കുവേണ്ടിയോ ഒരു വിപ്ലവപാര്‍ട്ടിയും ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിച്ചില്ല.

അവര്‍ക്കൊക്കെ നിഷേധിച്ച മനുഷ്യാവകാശങ്ങള്‍ സിപിഎം പോലുള്ള പാര്‍ട്ടികള്‍ ഗാസയ്ക്കും ഹമാസിനും അനുവദിച്ചുകൊടുക്കുന്നത് മനുഷ്യത്വമല്ല, അവസരവാദ രാഷ്ട്രീയമാണ്. ലോകത്ത് ഒരു ഇസ്ലാമിക രാഷ്ട്രവും പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വച്ചുപൊറുപ്പിച്ചിട്ടില്ല.
എന്നിട്ടും ഹമാസിനെ ആശ്ലേഷിക്കാന്‍ സിപിഎം ഇന്നു കാണിക്കുന്ന വെന്പല്‍ വോട്ടുരാഷ്ട്രീയമായിരിക്കാം. പക്ഷേ, കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനു വളമിട്ടവരുടെ പട്ടികയില്‍ സിപിഎമ്മിന്റെ പേര് ചരിത്രം ഒന്നാമതല്ലെങ്കില്‍ രണ്ടാമതായി എഴുതിച്ചേര്‍ക്കും. ഈ ഐക്യദാര്‍ഢ്യം ഒളിച്ചോട്ടമാണ്. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ലോകമെങ്ങുമുള്ള ഭീകരപ്രസ്ഥാനങ്ങളുണ്ട്. അവര്‍ക്കു സാന്പത്തിക സഹായവും ആയുധങ്ങളും നല്‍കാന്‍ ഖത്തറും ഇറാനുമുള്‍പ്പെടെ നിരവധി രാജ്യങ്ങളുണ്ട്. കേരളത്തെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ ആഘോഷങ്ങളും ആഡംബരങ്ങളും വോട്ടു നോക്കിയുള്ള ഐക്യദാര്‍ഢ്യങ്ങളും അവസാനിപ്പിച്ച്, മറ്റൊരിടത്തേക്കും പലായനം ചെയ്യാനാവാത്ത ഇവിടത്തെ മനുഷ്യരുടെ ദുരിതങ്ങള്‍ കാണൂ. അതിനു പരിഹാരമുണ്ടാക്കൂ. അതിനു 33,000-ത്തിന്റെ കണ്ണടയൊന്നും വേണ്ട, ചുറ്റിനുമൊന്നു കണ്ണോടിച്ചാല്‍ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button