Latest NewsKeralaNews

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി ഇന്ന്‌ രാവിലെ അഞ്ചുമണിയോടെയായിരുന്നു മരിച്ചത്. പെരുമ്പാവൂർ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്.

സ്ഫോടനത്തിൽ പരിക്കേറ്റ് 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 11 പേരിൽ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒൻപതുപേർ വാർഡുകളിലുണ്ട്.

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷൻ നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ മാസം 29-നാണ് സ്ഫോടനം നടന്നത്.

അതേസമയം, പ്രതി ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചേക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button