ടെൽ അവീവ്: തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം. ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. പിന്നാലെ മുന്നറിയിപ്പുമായി ഹമാസും രംഗത്തെത്തി. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറുമെന്നും ഗാസയിൽ പ്രവേശിക്കുന്ന ഇസ്രായേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്.
ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേൽ സൈനികർ പൂർത്തിയാക്കി. വെടിനിർത്തൽ സാധ്യതകൾ നിലവിൽ പരിഗണനയിലില്ലെന്നും ഹഗാരി പറഞ്ഞു. ഹമാസിനെതിരായ ഇസ്രായേൽ നിരന്തര ആക്രമണം അതിന്റെ അഞ്ചാം ആഴ്‌ചയിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടർന്നു.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണത്തിൽ 3,826 കുട്ടികൾ ഉൾപ്പെടെ 9,227 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടു.
Post Your Comments