രാജ്യത്ത് സർവ്വകാല റെക്കോഡുകൾ തകർത്ത് യുപിഐ ഇടപാടുകൾ കുതിക്കുന്നു. ഫെസ്റ്റിവൽ സീസണിന്റെ ആരംഭ മാസമായ ഒക്ടോബറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇടപാടുകളാണ് നടന്നിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബറിൽ 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ വർഷം സെപ്റ്റംബറിൽ 15.8 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് നടന്നത്.
രാജ്യത്തെ ഉപഭോക്താക്കൾ ഒന്നടങ്കം ചെറുതും വലുതുമായ ഇടപാടുകൾ നടത്താൻ യുപിഐ സേവനത്തെ ആശ്രയിച്ചതോടെയാണ് ഒക്ടോബറിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത്. അതേസമയം, യുപിഐ ഇടപാടുകളിൽ 55 ശതമാനത്തിന്റെയും, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 42 ശതമാനത്തിന്റെയും വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ട്. ഉത്സവ മാസമായതിനെ തുടർന്നാണ് ഇടപാടുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളിലും ഇതേ പ്രവണത തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. എൻപിസിഐ ആണ് ഇന്ത്യയിലെ റീട്ടെയിൽ പേയ്മെന്റുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.
Also Read: വായു മലിനീകരണം രൂക്ഷം: ഡൽഹിയിലെ സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
Post Your Comments