ആഗോള വിപണിയിലെ ആശങ്കകൾ നീങ്ങിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിക്ഷേപകർക്ക് അനുകൂലമായ പലിശ നയം പ്രഖ്യാപിച്ചതോടെയാണ് ആഭ്യന്തര സൂചികകളടക്കം നേട്ടത്തിലേറിയത്. കൂടാതെ, സമീപകാല ഭാവിയിൽ പലിശ നിരക്ക് കൂട്ടില്ലെന്ന സൂചനയും അമേരിക്കൻ കേന്ദ്ര ബാങ്ക് നൽകിയിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 282.88 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 64,263.78-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 97.35 പോയിന്റ് നേട്ടത്തിൽ 19,276-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്ന് എല്ലാ ഓഹരി വിഭാഗങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.
തുടർച്ചയായ രണ്ടാം പാദത്തിലും പ്രവർത്തന ലാഭത്തിലേറിയ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയാണ് ഇന്നത്തെ താരമായി മാറിയത്. സൊമാറ്റോയുടെ ഓഹരികൾ 9.62 ശതമാനം മുന്നേറി 117.90 രൂപയിലെത്തി. അപ്പോളോ ഹോസ്പിറ്റൽസ്, ഡോ.ലാൽ പാത്ത് ലാബ്സ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് എന്നിവയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം, ബജാജ് ഫിൻസെര്‍വ്, എംആർഎഫ്, മാൻകൈൻഡ് ഫാർമ, പേടിഎം തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടം നേരിട്ടു.
Also Read: ക്യാന്‍സര്‍ കണ്ടെത്താം പഞ്ചസാരയിലൂടെ
Post Your Comments