മഹാദേവന്റെ കഴുത്തിലെ ആഭരണം എങ്ങനെ സർപ്പമായതെന്ന് പലർക്കും ഉള്ള സംശയമാണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. മഹാബലി ചക്രവര്‍ത്തിയുടെ സത്ഭരണ കാലത്തെ അനുസ്മരിപ്പിക്കുംവിധം സ്വര്‍ഗ്ഗ സമാനമായ ഒരു രാജ്യമായിരുന്നു വീര മഹേന്ദ്രപുരി. കഷ്ടപാടും യാതനകളും വഴക്കും ലഹളയുമൊന്നുമില്ലാതെ സമാധാനചിത്തരായി കഴിയുന്ന നന്മനിറഞ്ഞ ആളുകളായിരുന്നു വീരമഹേന്ദ്രപുരി നിവാസികള്‍. ഇതില്‍ അസൂയതോന്നിയ നാഗാസുരന്‍ എന്ന ദുഷ്ടന്‍ മഹേന്ദ്രപുരിയിലെത്തി കൊള്ളയും കൊലയും നടത്തി അഴിഞ്ഞാടാന്‍ തുടങ്ങി.
കൊച്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും മുനിമാരെയുമൊന്നും ആ ദുഷ്ടന്‍ വെറുതെ വിട്ടില്ല. അകാരണമായി തന്നെ നാഗാസുരന്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിച്ചുകൊണ്ടിരുന്നു. നാഗാസുരന്റെ ക്രൂരമായ പീഡനം കൊണ്ടു പൊറുതിമുട്ടിയ സന്യാസിമാര്‍ ബ്രഹ്മാവിന്റെ അടുത്ത് അഭയം പ്രാപിച്ചു. പ്രശ്‌നത്തിന് ഉചിതമായ ഒരു പരിഹാരം താന്‍ കണ്ടെത്തിക്കൊള്ളാമെന്ന് പറഞ്ഞ് ബ്രഹ്മദേവന്‍ അവരെ സാന്ത്വനിപ്പിച്ചു.
തുടര്‍ന്ന് ബ്രഹ്മദേവന്‍ ഒരു ഹോമം നടത്തി. ഹോമ കുണ്ഡത്തില്‍നിന്ന് ഉയര്‍ന്നുവന്ന നാഗത്തിനെ നാഗാസുരനെ വധിക്കാനുള്ള ചുമതല ഏല്‍പ്പിച്ച് വീരമഹേന്ദ്ര പുരിയിലേക്ക് പറഞ്ഞയച്ചു. തീ തുപ്പി ചീറിപ്പാഞ്ഞുവരുന്ന ആ നാഗത്തെ എതിരിട്ടുവെങ്കിലും അതിനെ കീഴ്‌പ്പെടുത്താന്‍ നാഗാസുരന് കഴിഞ്ഞില്ല. ഒടുവില്‍ സര്‍പ്പം നാഗാസുരന്റെ കഥ കഴിച്ചു. നാഗാസുരന്റെ കഥ കഴിച്ച സര്‍പ്പത്തില്‍ സംപ്രീതനായ പരമശിവന്‍ ‘ഇന്നു മുതല്‍ നീ എന്റെ കഴുത്തിലെ ആഭരണമായിരിക്കുമെന്ന’ വരം നല്‍കി സര്‍പ്പത്തെ അനുഗ്രഹിച്ചു.
ബ്രഹ്മാവു സൃഷ്ടിച്ച ഘോരസര്‍പ്പം ഫണം താഴ്ത്തി, കലിയടക്കി അനുസരണ ശീലത്തോടെ ശിവഭഗവാന്റെ കഴുത്തില്‍ ആഭരണം കണക്കെ കിടപ്പായി. അന്നു മുതലാണ് മഹാദേവന്റെ കഴുത്തില്‍ സര്‍പ്പം ആഭരണമാകുന്നത്.
Leave a Comment