കൊച്ചി: മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മമ്മൂട്ടി കമ്പനി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി പറയാനും നിർമാതാക്കൾ മറന്നില്ല.
ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പേരെടുത്തിട്ടുള്ള റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൌതുകകരമായ വസ്തുത. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്.
മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.
Post Your Comments