അതിപുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം. ഭാരത വർഷത്തിലെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ 13 എണ്ണം ഇവിടെ സ്ഥിതി ചെയ്യുന്നു. അവയിൽ ഏറ്റവും കീർത്തികേട്ട ഒന്നാണ് അനന്തപുരം. തിരുവനന്തപുരം എന്നതിലെ “തിരു” എന്നാൽ “ശ്രീ” എന്നർത്ഥം. അങ്ങനെ ശ്രീ അനന്തപുരമാണ് ഇന്നത്തെ തിരുവനന്തപുരം. തിരുവനന്തപുരം എന്നത് ആദ്യകാലത്തെ ക്ഷേത്രത്തെയും ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും മാത്രം കുറിക്കുന്നതായിരുന്നു. തിരുവനന്തപുരം രാജധാനിയായത് ധർമ്മരാജാവിന്റെ (1758-1789) ഭരണകാലത്താണ്. അന്ന് തിരുവനന്തപുരം ജനസാന്ദ്രതയേറിയ നഗരമായിരുന്നില്ല. ഭാരതത്തിലെ പ്രാചീനങ്ങളായ കുറഞ്ഞത് 1000 വർഷമെങ്കിലും പഴക്കമുള്ള പുണ്യനഗരങ്ങളിലൊന്നാണ് തിരുവനന്തപുരം.
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം. അനന്തപുരി എന്ന പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. ‘നിത്യ ഹരിത നഗരം’ എന്നാണ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.
നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമിക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്ര തിഷ്ഠ. അനന്തന്റെപുരം (നഗരം) എന്നതിനോട് ബഹുമാനസൂചകമായി “തിരു’ ചേർത്തതുകൊണ്ടാണ് തിരുവനന്തപുരം എന്നുപേരുവന്നത്. തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം അനന്ദൻകാട് എന്നുപേരുളള ഒരു കാടായിരുന്നുവത്രേ. ഇങ്ങനെയൊക്കെ വാദഗതികളുണ്ടെങ്കിലും അനന്തൻ എന്ന നാഗത്തിൽ നിന്നുതന്നെയാണ് തിരുവനന്തപുരം എന്ന പേര് ഉരിത്തിരിഞ്ഞത് എന്നുതന്നെ കരുതപ്പെടുന്നു. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും ആഗോളതലത്തിലും വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും ഇപ്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.
വിദേശികളും മറുനാട്ടുകാരും, തിരുവനന്തപുരം വാസികളെ ‘ട്രിവാൻഡ്രമൈറ്റ്’ എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും ആ നാമം പ്രചുര പ്രചാരം നേടിയിട്ടില്ല. തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം. തിരുവനന്തപുരം ഒരുപാട് പ്രതിഭകളെ കലാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത്, മഹാരാജാ സ്വാതി തിരുനാൾ ബാലരാമ വർമ്മയും, രാജാ രവിവർമ്മയും ആണ്.
കർണാടക സംഗീതത്തിന്റെ വളർച്ചയിൽ മഹാരാജാ സ്വാതി തിരുനാളിന്റെ പങ്ക് കുറച്ച് കാണാവുന്ന ഒന്നല്ല. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സംഗീത കലാലയം തന്നെ ഉണ്ട്. രാജാരവി വർമ്മ, ലോക പ്രശസ്തി നേടിയ ഒരു ചിത്രകാരനായിരുന്നു. ഇന്ത്യൻ ചിത്രകലാ ശാഖക്ക് അദ്ദേഹം വളരെയധികം സംഭാവന ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പല ചിത്രരചനകളും ശ്രീ ചിത്രാ ആർട്ട് ഗാലറിയിൽ ഇന്നും പ്രദർശിപ്പിച്ചിരിക്കുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, അതിനു ചുറ്റിനും ഉള്ള കോട്ട മതിൽ, നേപ്പിയർ കാഴ്ചബംഗ്ലാവ്, മൃഗശാല, വിക്റ്റോറിയ ടൌൺ ഹാൾ, പാളയം ജുംആ മസ്ജിദ്, പാളയം പള്ളി എന്നിവ നഗരത്തിന്റെ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ്. വേളി കായലും ശംഖുമുഖം കടൽ തീരവും അവിടുത്തെ മത്സ്യകന്യകയുടെ ശില്പവും പ്രശസ്തമാണ്.
പുറമേ നിന്നു നോക്കുന്നവർക്ക് തിരുവനന്തപുരം ഒരു ശാന്തമായ അന്തരീക്ഷമാണ് കാട്ടുന്നതെങ്കിലും, ഉള്ളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ധ്വനി പ്രകടമാണ്. ഓണം നാളുകളിലും, അത് കഴിഞ്ഞുള്ള വിദേശ സഞ്ചാര സീസണിലും തിരുവനന്തപുരം അതിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. തിരുവനന്തപുരത്തെ മറ്റ് പ്രധാന ഉത്സവങ്ങൾ ആറ്റുകാൽ പൊങ്കാല, പുഷ്പ ഫല മേള, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പള്ളി പെരുനാൾ എന്നിവയാണ്. കിഴക്കേകോട്ടയിലെ സി.വി.എൻ കളരി, കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നതിൽ വിശ്വപ്രസിദ്ധമാണ്. മാർഗ്ഗി കേന്ദ്രം കഥകളി പഠിപ്പിക്കുന്നതിലും പ്രശസ്തമാണ്.
നിറയെ തേങ്ങയും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത കേരളീയ പാചകരീതിയാണ് ഇവിടെയും ഉള്ളത് എങ്കിലും, ചെട്ടിനാടൻ, പാണ്ടിനാടൻ, ചൈനീസ്, വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി എല്ലാ പാചകരീതികളും ഇവിടെ സുലഭമാണ്. സായംകാലങ്ങളിലെ തട്ടുകടകൾ ഭക്ഷണ പ്രിയരായ എല്ലാവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും. സംസ്ഥാന കേന്ദ്ര ഗ്രന്ഥശാല (1829), സർവ്വകലാശാലാ ഗ്രന്ഥശാല, കുട്ടികൾക്കുള്ള ഗ്രന്ഥശാല, കൈയെഴുത്ത് പ്രതി ഗ്രന്ഥശാല, വികസന പഠന കേന്ദ്ര ഗ്രന്ഥശാല, ബ്രിട്ടീഷ് ഗ്രന്ഥശാല, പ്രിയദർശനി ഗ്രന്ഥശാല എന്നിവ നഗരത്തിലെ പ്രമുഖ ഗ്രന്ഥശാലകളാണ്.
Post Your Comments