ഊർജ്ജ വിതരണ രംഗത്ത് വമ്പൻ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ഗ്രീൻ ഹൈഡ്രജൻ പദ്ധതി സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി 30000 കോടിയിലേറെ രൂപ അദാനി ഗ്രൂപ്പ് സമാഹരിക്കുന്നതാണ്. അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അദാനി ന്യൂ ഇൻഡസ്ട്രീസാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് തുടക്കമിടുന്നത്. സാമ്പത്തിക സഹായം തേടി വിവിധ ബാങ്കുകളുമായി അദാനി ഗ്രൂപ്പ് നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
അദാനി ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കാൻ ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജീസ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനാണ് ടോട്ടൽ എനർജീസ് നിക്ഷേപം നടത്തുന്നത്. ഏകദേശം 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ടോട്ടൽ എനർജീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവർഷം ഒരു ദശലക്ഷം മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. 2027 മുതലാണ് ഈ പദ്ധതി ആരംഭിക്കാൻ സാധ്യത. ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുന്നതോടെ, മലിനീകരണ തോത് ഗണ്യമായി കുറയ്ക്കാൻ കഴിയുന്നതാണ്.
Post Your Comments