ദഹനപ്രശ്നമുള്ളവര്‍ക്ക് കുരുമുളക്

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും കുരുമുളകിനുണ്ട്​. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദഹന പ്രശ്നമുള്ളവര്‍ക്ക് കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു. സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്‍റിബയോട്ടിക് ആയ വിറ്റാമിൻ സിയും കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.

കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക്. തൊണ്ട  സംബന്ധമായ എല്ലാ രോഗങ്ങൾക്കും കുരുമുളക് നല്ലതാണ്. തൊണ്ട വേദന, ശബ്ദമടപ്പ് എന്നിവ ശമിക്കുവാന്‍ കുരുമുളകിട്ട ചായ കുടിക്കുന്നത് നല്ലതാണ്. ആസ്ത്മ, അലര്‍ജി ലക്ഷണങ്ങള്‍ ശമിപ്പിക്കാന്‍ ഇവ സഹായിക്കും.

കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്റൽ സംയുക്തമായ പൈപ്പറിൻ നമ്മുടെ കോശങ്ങളെയും ടിഷ്യുകളെയും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളകിൽ അടങ്ങിയിരിക്കുന്ന സുപ്രധാന ധാതുവായ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കുരുമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കുരുമുളക് ചേര്‍ത്ത് ഹെർബൽ ടീകൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുരുമുളകിൽ ഉയർന്ന അളവിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

 

Share
Leave a Comment