
ഓണത്തിന് മാത്രമല്ല, കല്യാണങ്ങളിലും സദ്യ വിളമ്പാറുണ്ട്. എന്നാൽ, ഡയറ്റും മറ്റു ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും സദ്യ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിൽ നിന്നും പിന്മാറാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. സദ്യയിൽ പരിപ്പും നെയ്യും ഉൾപ്പെടുത്തുന്നത് നല്ലതാണ്. പരിപ്പും നെയ്യും ഒഴിച്ച് ഊണ് കഴിയ്‌ക്കുന്നത് സദ്യയിൽ ഒരു ചിട്ടയാണ്. അത് ആരോഗ്യത്തിനു ഉത്തമമാണ്. പരിപ്പിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. വിശപ്പു കുറയ്‌ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ നെയ്യ് ശരീരത്തിന് ഏറെ ഗുണം ചെയ്യും. സദ്യ കഴിച്ച് കഴിഞ്ഞുള്ള അസിഡിറ്റി ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം നല്ല ദഹനത്തിനും നെയ്യ് സഹായിക്കും.
മലയാളികളുടെ സസ്യഭക്ഷണങ്ങളുടെ വൈപുല്യവും വൈവിധ്യവും വിളിച്ചറിയിക്കുന്നതാണ് പാരമ്പര്യ രീതിയില്‍ ഒരുക്കുന്ന സദ്യ. ചില സദ്യകളില്‍ 28 വിഭവങ്ങള്‍ വരെ ഉണ്ടാകും. കീഴ്‌വഴക്കമനുസരിച്ച് സദ്യ വാഴയിലയില്‍ ആണ് വിളമ്പുക. ഇരിക്കുന്ന അതിഥിയുടെ ഇടതു ഭാഗത്താകും ഇലയുടെ വീതികുറഞ്ഞ ഭാഗം. തറയില്‍ ഇരുന്നു ഊണു കഴിക്കുന്നതാണ് പതിവ്. ഇപ്പോള്‍ ഇത് മേശപ്പുറത്തേക്കു മാറിയിട്ടുണ്ട്. ഇരട്ടപുഴുക്കന്‍ ചുവന്ന തവിടുള്ള അരിയുടെ ചോറാണ് സദ്യക്ക് വിളമ്പുക. ഇലയുടെ മധ്യത്തു നിന്ന് താഴ്ഭാഗത്തു നടുവിലാകും ചോറു വിളമ്പുക.
വിവിധ അച്ചാറുകള്‍, പരിപ്പ് എന്നിവ തൊട്ടു പിന്നാലെ വിളമ്പും. തുടര്‍ന്ന് തെക്കേയിന്ത്യയിലെ പ്രസിദ്ധമായ കറികളായ സാമ്പാര്‍, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി തുടങ്ങിയവ. കായ വറുത്ത ഉപ്പേരി (ഉപ്പേരികള്‍ പല ഇനമാവാം. ചേന വരെ കഷ്ണമാക്കി വറുക്കും), പപ്പടം, പുളിയിഞ്ചി, ഇഞ്ചിതൈര്, കിച്ചടി എന്നിങ്ങനെ വിഭവങ്ങള്‍ നീളാം. മാങ്ങ, നാരങ്ങാ എന്നിവയുടേതാണ് ഉപ്പിലിട്ടത് എന്നു പറയുന്ന അച്ചാര്‍. ഒരു ചെറുപഴവും പപ്പടവും വിളമ്പിയാല്‍ എണ്ണം പൂര്‍ത്തിയാവും. അവസാനം മധുരത്തിന് കേരളത്തിന്റെ ഇഷ്ടവിഭവമായ പായസവും.
പായസം വിവിധ തരത്തിലാകാം – പാല്‍ പായസം, അടപ്രഥമന്‍, പാലട പ്രഥമന്‍ തുടങ്ങി പരിപ്പ് പ്രഥമന്‍ വരെ. പായസം കഴിഞ്ഞാല്‍ വീണ്ടും കുറച്ചു ചോറ് വിളമ്പി രസവും, തൈരോ മോരോ കൂട്ടി കഴിക്കണം. അവസാനം പഴവും തിന്നാല്‍ സദ്യ പൂര്‍ത്തിയായി. ഇലമടക്കി എഴുന്നേല്‍ക്കാം. വിവിധ രുചികള്‍, രൂപം, അളവ് എന്നിവയാണ് ഓരോ സദ്യയുടെയും കാതല്‍.
Post Your Comments