
തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. കോഴിക്കോട് നടന്ന മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു ശശി തരൂർ എംപിയുടെ വിവാദ പരാമർശം. ഐക്യദാർഢ്യ റാലിയിൽ ഹമാസിനെ ഭീകരരെന്ന് പരാമർശിച്ചത് വിവാദത്തിലാകുകയായിരുന്നു. താൻ ഇസ്രയേലിനെ അനുകൂലിച്ചല്ല പ്രസംഗം നടത്തിയതെന്നും പ്രസംഗത്തിൽ നിന്നും ചെറിയൊരു ഭാഗം വിവാദമാക്കുന്നുവെന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ താൻ എന്നും എപ്പേഴും പലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ശശി തരൂർ പറഞ്ഞു.
പ്രസംഗത്തിലെ ഒരുവാചകം അടർത്തിയെടുത്ത് അനാവശ്യം പ്രചരിപ്പിക്കുന്നെന്നും തരൂർ ആരോപിച്ചു. പ്രസംഗം ഇസ്രയിലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹമാസ് പരാമർശം ശശി തരൂർ തിരുത്തിയിട്ടില്ല. എം.പിയെ വേദിയിൽ തന്നെ തിരുത്തി എം.കെ മുനീർ രംഗത്തെത്തുകയും ചെയ്തു.
എന്നാൽ ശശി തരൂരിന്റെ പരാമർശത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂർ തുടങ്ങിയവരും തരൂരിനെതിരെ രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്.
ഇസ്രയേലിനെതിരെ നടന്നത് ഭീകരക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് ശശി തരൂർ വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments