കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഒക്ടോബര്‍ 31ന് വൈകീട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിക്കും.
അതേസമയം ഗാസയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 6000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യുണിസെഫ് പ്രതികരിച്ചു.
എന്നാല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ഹമാസ് കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം.
Post Your Comments