
വിഴിഞ്ഞം: യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു. കരിംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മാൻ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവും വലിയതുറ സ്വദേശിയുമായ രഞ്ജിത്(34) ആണ് ആക്രമണം നടത്തിയത്. ഒളിവിൽ പോയ കൊലയാളിക്കായുള്ള അന്വേഷണം ശക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മദ്യപാനിയായ രഞ്ജിത് ഭാര്യയെ മർദിക്കുന്നതിനെ എതിർക്കുന്നതിനുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന് ഉറങ്ങിക്കിടന്ന ബർക്ക്മാനെ കല്ലെടുത്ത് നിരവധി പ്രാവശ്യം രഞ്ജിത്ത് തലക്കടിച്ചു. നിലവിളി കേട്ട് ആളുകൾ എത്തുന്നതിനിടയിൽ രഞ്ജിത് രക്ഷപ്പെട്ടു.
പുറംതലക്കും മുഖത്തും സാരമായി പരിക്കേറ്റ ബർക്ക്മാനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. മുഖത്തേറ്റ മുറിവാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചതായി കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Post Your Comments