ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് മറ്റ് ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച് ധര്‍മ്മ വിജയം നേടി തിരിച്ചെത്തിയ സുദിനമായി കാണുന്നതാണ് ഇതില്‍ ഒന്ന്.
മറ്റൊന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടുള്ളതാണ്. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് ആയുധങ്ങള്‍ ശമീവൃക്ഷ ചുവട്ടിലാണ് സൂക്ഷിച്ചിരുന്നത്. അജ്ഞാത വാസം പൂര്‍ത്തിയായതിന് ശേഷം ശ്രീകൃഷ്ണന്‍ പറഞ്ഞത് പ്രകാരം ആയുധങ്ങള്‍ തിരിച്ചെടുത്തു. ഇതിന് ശേഷം ധര്‍മ്മ യുദ്ധത്തിനായുള്ള പുറപ്പാടിന്റെ ദിനമാണ് വിജയദശമി എന്നും പറയപ്പെടുന്നു. ഏതായാലും അന്തിമമായി അധര്‍മ്മം പരാജയപ്പെടുകയും ധര്‍മ്മം വിജയിക്കുകയും ചെയ്യും എന്നാണ് മൂന്ന് ഐതിഹ്യങ്ങളും പറഞ്ഞ് വെക്കുന്നത്.
വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനാല്‍ വിജയ ദശമി ദിവസത്തില്‍ തന്നെയാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതും. ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാർ ആണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.
Post Your Comments