സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും അനിശ്ചിതത്വത്തിൽ. അടുത്തിടെ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ സപ്ലൈകോ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടതോടെയാണ് നെല്ല് സംഭരണം വീണ്ടും നിലച്ചത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും, ഇനി കൊയ്യാനുള്ള നെല്ലും ഉൾപ്പെടെ ഈട് വെച്ച് സപ്ലൈകോ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 2500 കോടി രൂപ വാങ്ങിയിരുന്നു. ഈ തുക ഇപ്പോഴും കുടിശ്ശികയായി തന്നെ നിൽക്കുകയാണ്. ഇത് മുഴുവൻ തീർപ്പാക്കാതെ സഹകരണ സംഘങ്ങളുമായി കരാറിൽ ഏർപ്പെടാൻ കഴിയുകയില്ല.
കൺസോർഷ്യം കരാറിൽ വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടിക്ക് പുറമേ, നെല്ലും ഈടായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ, പുറത്തുനിന്നുള്ള മറ്റൊരു ഏജൻസിക്ക് നെല്ല് സംഭരിക്കാൻ കഴിയുകയില്ല. നെല്ല് ഈടായി ഉൾപ്പെടുത്തിയ വ്യവസ്ഥ നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറി കൺസോർഷ്യവുമായി ഉടൻ ചർച്ച നടത്തിയേക്കും എന്നാണ് സൂചന. അതേസമയം, സംഭരിച്ച നെല്ലിന്റെ പണം നൽകാൻ പ്രാഥമിക സംഘങ്ങളുടെയും കേരള ബാങ്കിന്റെയും ധനസഹായം നേടാനുള്ള ശ്രമങ്ങൾ സപ്ലൈകോ നടത്തുന്നുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടികളുടെ കുടിശ്ശികയാണ് സപ്ലൈകോ നൽകാനുള്ളത്.
Post Your Comments