തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ രാവിലെ 11 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. കേരള നോളേജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റി’യുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ചേരുന്ന പരിപാടിയിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും.
നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിഡബ്ല്യുഎംഎസിൽ രജിസ്റ്റർ ചെയ്ത വിജ്ഞാന തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2026 നുള്ളിൽ യോഗ്യതയുള്ള മുഴുവൻ പേരെയും റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ സജ്ജരാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, ഉന്നതി സിഇഒ എൻ പ്രശാന്ത്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘ ഡി ആർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാർക്കുള്ള ഏകദിന പരിശീലനവും പരിപാടിയോടനുബന്ധിച്ച് നടക്കും.
Read Also: ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണം: പ്രധാനമന്ത്രി
Post Your Comments