ഗാസ: ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 4,651 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം. കൊല്ലപ്പെട്ടവരിൽ 40% കുട്ടികളാണ്. 14,245-ലധികം പേർക്ക് പരിക്കേറ്റു, അവരിൽ 70% കുട്ടികളും സ്ത്രീകളുമാണ്. ഗാസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 117 കുട്ടികൾ ഉൾപ്പെടെ 266 പലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.
അതേസമയം, ഗാസയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രയേൽ. ഒഴിഞ്ഞു പോകാത്തവരെ ഹമാസ് ആയി കണക്കാക്കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങി പതിനാറ് ദിവസം പിന്നിട്ടിട്ടും ശക്തമായി തുടരുകയാണ്. റഫാ അതിർത്തി തുറന്നതിന് തൊട്ടു പിന്നാലെ ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കൻ ഗാസയിൽ നിന്ന് പലസ്തീൻ നിവാസികളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പും നൽകി. യുദ്ധം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഒഴിഞ്ഞ് പോകാത്തവരെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരായി കണക്കാക്കുമെന്നാണ് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചത്.
അതിനിടയിൽ, ഗാസയിലെ ഇന്ധനവിതരണം ഇസ്രായേൽ നിർത്തിയതോടെ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന 120 നവജാതശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ അറിയിച്ചു.
Post Your Comments