ശ്രീനഗർ: വർഷാവസാനമാകുമ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. പത്തോളം കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീരിൽ നിന്നും പത്ത് പേരാണ് ഈ വർഷം ടെററിസ്റ്റ് ഗ്രൂപ്പിൽ ചേർന്നത്. അതിൽ ആറ് പേർ കൊല്ലപ്പെടുകയും മറ്റ് നാല് പേർ ഒളിവിൽ കഴിയുകയാണെന്നും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. 1990-ൽ പാകിസ്ഥാൻ പിന്തുണയോടെ പ്രദേശത്ത് തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദത്തിൽ ചേരുന്ന ഏറ്റവും കുറഞ്ഞ തദ്ദേശവാസികളുടെ എണ്ണമാണിത്.
കഴിഞ്ഞ വർഷം 110 കശ്മീരി യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നിരുന്നു. ഇവരിൽ ഭൂരിഭാഗവും ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ശത്രുക്കളുടെ തന്ത്രങ്ങളും ഗൂഢാലോചനകളും കശ്മീരിലെ യുവാക്കൾ മനസ്സിലാക്കിയതാണ് തീവ്രവാദത്തിന്റെ തോത് കുറയാൻ കാരണമായതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വർഷം തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത് 110 യുവാക്കൾ ആണെങ്കിൽ ee വർഷം 10 പേർ മാത്രമാണ് തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ നാടുവിട്ടത്.
‘ഈ 10 പേർ പോലും മറുവശത്തേക്ക് പോകാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ജമ്മു കശ്മീരിലെ എല്ലാ യുവാക്കളും സമാധാനത്തിന്റെ പക്ഷത്താണെന്ന് ഞങ്ങൾ ലോകത്തോട് പറയുമായിരുന്നു. ആയുധങ്ങളുമായി കറങ്ങിനടക്കുന്ന മറ്റ് നാല് പ്രദേശവാസികളും വരും ദിവസങ്ങളിൽ കൊല്ലപ്പെട്ടേക്കും. ഭീകരരെന്ന് സംശയിക്കുന്ന ആ നാല് പേർക്ക് വേണമെങ്കിൽ മടങ്ങിവരാം. ‘ഘർ വാപ്സി’യുടെ വാതിലുകൾ അവർക്കായി തുറന്നിട്ടിരിക്കുന്നു’, ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടോളം നീണ്ട തുടർച്ചയായ പോരാട്ടത്തിനൊടുവിലാണ് കശ്മീർ ഇത്രയും മികച്ച മാറ്റമുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായി കഴിഞ്ഞ 30 വർഷമായി കശ്മീർ പോലീസും കേന്ദ്ര സർക്കാരും പോരാടുകയാണ്. ഇതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് തീവ്രവാദി റാങ്കിലുള്ള പ്രാദേശിക സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലെ നാടകീയമായ ഇടിവ്.
2013-ൽ ആകെ ഭീകരരുടെ എണ്ണം ഏതാനും ഡസൻ ആയി കുറയുകയും സിവിലിയൻമാരുടെയും സുരക്ഷാ സേനയുടെയും മരണം എക്കാലത്തെയും താഴ്ന്ന നിലയിലായതുമാണ് കാശ്മീർ അവസാനമായി കണ്ട ഏറ്റവും മികച്ച സുരക്ഷാ സാഹചര്യം. എന്നാൽ, 2014-ന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. തീവ്രവാദ നിരയിൽ ചേരുന്ന പ്രദേശവാസികളുടെ റിക്രൂട്ട്‌മെന്റ് ഓരോ വർഷവും വർദ്ധിച്ചു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, വിഘടനവാദികൾക്കും അവരുടെ പിന്തുണാ ഘടനയ്ക്കുമെതിരെ വൻതോതിലുള്ള അടിച്ചമർത്തൽ ആരംഭിച്ചു.
വിഘടനവാദ ഘടനയെ അത് തകർത്തെങ്കിലും, പ്രദേശവാസികളെ തീവ്രവാദികളായി റിക്രൂട്ട് ചെയ്യുന്നത് ഒരു വെല്ലുവിളിയായി തുടർന്നു. 2019ൽ കശ്മീരിൽ 119 പ്രദേശവാസികൾ രാജ്യത്തിനെതിരായ പ്രവർത്തിയിൽ ചേർന്നു. 2020-ൽ ഇത് 167 ആയി ഉയർന്നു. 2021-ൽ ഇത് 128 ഉം 2022-ൽ 110 ഉം ആയിരുന്നു. 2019 മുതൽ, ജമ്മു കശ്മീരിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ എണ്ണം മുമ്പത്തെ എല്ലാ റെക്കോർഡുകളും മറികടന്നു. താഴ്‌വരയിലെ കല്ലേറുകളുടെയും വിഘടനവാദ അനുകൂല പ്രതിഷേധങ്ങളുടെയും അടച്ചുപൂട്ടലുകളുടെയും അവസാനം താഴ്വരയിൽ തീവ്രവാദം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.
Leave a Comment