വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ വീണ്ടും കാലതാമസം. സെപ്റ്റംബർ, ഒക്ടോബർ എന്നിങ്ങനെ 2 മാസത്തെ പെൻഷൻ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക തീർക്കാൻ 80 കോടി രൂപ ആവശ്യപ്പെട്ട് ഫയൽ കൈമാറിയിരുന്നു. എന്നാൽ, പഴയ രീതിയിൽ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ നൽകാമെന്ന നിർദ്ദേശമാണ് ധനവകുപ്പ് മുന്നോട്ടു വച്ചിട്ടുള്ളത്. ഇതിനു മുൻപുള്ള മാസങ്ങളിൽ പെൻഷൻ തുക നേരിട്ട് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു. വീണ്ടും കൺസോർഷ്യം രൂപീകരിക്കുന്ന നടപടി സ്വീകരിക്കുകയാണെങ്കിൽ, പെൻഷൻ വിതരണം വൈകാനുള്ള സാധ്യതയുണ്ട്.
ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപാണ് പെൻഷൻ തുക വിതരണം ചെയ്യേണ്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സമയബന്ധിതമായി പെൻഷൻ തുക വിതരണം ചെയ്യാൻ സർക്കാരിന് കഴിയാറില്ല. കെഎസ്ആർടിസിക്കുള്ള വാർഷിക സാമ്പത്തിക സഹായത്തിൽ നിന്നാണ് പെൻഷൻ തുകയും അനുവദിക്കുന്നത്. അതേസമയം, സെപ്റ്റംബറിലെ ശമ്പളകുടിശ്ശികയും നൽകാൻ ബാക്കിയുണ്ട്. സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് കുടിശ്ശികയായിട്ടുള്ളത്. രണ്ടാം ഗഡു വിതരണം ചെയ്യാൻ സർക്കാരിൽ നിന്ന് 20 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
Post Your Comments