ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്നതിനിടെ സി.ബി.ഐയെ പരസ്യമായി വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സി.ബി.ഐയോട് വീട്ടിലേക്ക് വന്ന് ചെരിപ്പെണ്ണി തിട്ടപ്പെടുത്തി തിരിച്ചു പോകൂ എന്നാണ് മഹുവ എക്സ് വഴി വെല്ലുവിളിച്ചത്. മഹുവയുടെ വീട്ടിൽ സി.ബി.ഐ പരിശോധനയുണ്ടായേക്കാമെന്ന സൂചന നിലനിൽക്കുന്നതിനിടെയാണ് എം.പിയുടെ പോസ്റ്റ്. താനിപ്പോൾ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും തന്റെ വീട്ടിലേക്ക് വന്ന് ചെരിപ്പുകൾ എണ്ണി തിട്ടപ്പെടുത്താനായി സി.ബി.ഐയെ ക്ഷണിക്കുകയാണ് എന്നുമാണ് മഹുവ എക്സിൽ കുറിച്ചത്.
പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്നതിനായി വ്യവസായി ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ പണവും മറ്റു സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബേയാണ് ആരോപിച്ചത്. ഇതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മഹുവയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദുബേ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. നിലവിൽ പാർലമെന്‍റിന്‍റെ എത്തിക്സ് കമ്മിറ്റി വിഷയം പരിഗണിക്കുകയാണ്. വിനോദ് സോങ്കറിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ സമിതിയാണ് വിഷയം പരിഗണിക്കുന്നത്. മഹുവ പണം വാങ്ങിയെന്നു വ്യക്തമാക്കിക്കൊണ്ട് വ്യവസായി നൽകിയ സത്യവാങ്മൂലമും പരിശോധിക്കുന്നുണ്ട്.
എംസി എംപി വിലയേറിയ ആഢംബര വസ്‌തുക്കൾ, ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയാനുള്ള ചെലവ്, മറ്റ് യാത്രാ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ തന്നിൽ നിന്ന് കൈപ്പറ്റിയതായി ദർശൻ അവകാശപ്പെട്ടു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്ത്ര എന്നും ഇതിനുവേണ്ട ചെലവുകൾ താൻ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ആരോപണത്തെ മഹുവ തള്ളിക്കളഞ്ഞിട്ടുണ്ട്. ലോക്സഭയിൽ നിന്ന് തന്നെ പുറന്തള്ളുന്നതിനായി ഗൂഢാലോചന നടക്കുന്നതായും മഹുവ പറയുന്നു. വ്യവസായി നൽകിയെന്നു പറയപ്പെടുന്ന സത്യവാങ്മൂലത്തിൽ വിശ്വാസ്യതയില്ലെന്നാണ് മഹുവ പറയുന്നത്.
Post Your Comments