
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 275 കോടി രൂപയുടെ ലാഭമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് നേടിയിരിക്കുന്നത്. മുൻ വർഷം സമാന കാലയളവിലെ 223 കോടി രൂപയേക്കാൾ 23 ശതമാനവും, ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലെ 202 കോടി രൂപയെക്കാൾ 36 ശതമാനവും കൂടുതലാണ് ഇത്തവണത്തെ ലാഭം. രണ്ടാം പാദത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1,72,032 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തന ലാഭം പാദാടിസ്ഥാനത്തിൽ മുൻ വർഷത്തെ 490 കോടി രൂപയിൽ നിന്ന് 6 ശതമാനം ഇടിവോടെ 460 കോടി രൂപയിൽ എത്തിയിട്ടുണ്ട്.
ഇത്തവണ ബാങ്കിന്റെ മൊത്തം വരുമാനം 1,186 കോടി രൂപയാണ്. ജൂൺ പാദത്തിലെ മൊത്തം വരുമാനം 1,169 കോടി രൂപയായിരുന്നു. ഇത്തവണ നിഷ്ക്രിയ ആസ്തി കുറഞ്ഞത് പ്രവർത്തനഫലം ഉയരാൻ കാരണമായിട്ടുണ്ട്. 2022-23-ലെ 203 കോടി രൂപയിൽ നിന്ന് 186 കോടി രൂപയായാണ് ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറഞ്ഞിരിക്കുന്നത്. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി മുൻ വർഷം സമാന പാദത്തിലെ 5.67 ശതമാനത്തിൽ നിന്നും 4.96 ശതമാനത്തിലേക്കാണ് കുറഞ്ഞിരിക്കുന്നത്.
Post Your Comments