ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റൽ ആപ്പായ ബോബ് വേൾഡിൽ ക്രമക്കേട് നടത്തിയ ജീവനക്കാർക്ക് സസ്പെൻഷൻ. ബോബ് വേൾഡ് ആപ്പ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 60 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ 11 അസിസ്റ്റന്റ് ജനറൽ മാനേജർമാരും ഉൾപ്പെട്ടിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട ഭൂരിഭാഗം ജീവനക്കാരും വഡോദര റീജിയണിൽ ഉൾപ്പെട്ടവരാണ്. ബോബ് വേൾഡിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം, ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊബൈൽ നമ്പർ വ്യാജമായി ചേർത്താണ് തട്ടിപ്പ് നടത്തിയത്.
ബോബ് വേൾഡ് ആപ്പ് ഉപയോഗിച്ച് ഏതാണ്ട് 22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ നഷ്ടമായ ഉപഭോക്താക്കൾ ഉണ്ടെന്നാണ് സൂചന. തട്ടിപ്പ് കണ്ടെത്തിയതിന് തുടർന്ന് ബോബ് വേൾഡിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ജീവനക്കാർ, മാനേജർമാർ, സുരക്ഷാ ഗാർഡുകൾ, അവരുടെ ബന്ധുക്കൾ എന്നിവരാണ് തട്ടിപ്പിന്റെ ഭാഗമായിരിക്കുന്നത്.
Also Read: ന്യൂസ്‌ക്ലിക്ക് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
വഡോദര റീജിയണൽ ഉൾപ്പെട്ട തട്ടിപ്പുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെങ്കിലും, ലഖ്നൗ, ഭോപ്പാൽ, രാജസ്ഥാൻ, ഉത്തർപ്രദേശിലെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. നിലവിൽ, 4.22 ലക്ഷം ഉപഭോക്താക്കളാണ് ബോബ് വേൾഡ് ആപ്പ് ഉപയോഗിക്കുന്നത്. ഈ വർഷം ജൂലൈയിൽ രാജ്യത്തെ 7000 ശാഖകളിലായി പ്രത്യേക ഓഡിറ്റ് ബാങ്ക് നടത്തിയിരുന്നു. അന്തിമ ഓഡിറ്റിംഗിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments