മുംബൈ: 20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം കണ്ടെത്തി പൊലീസ്. സംഭവത്തില്‍ ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘമിത്ര, റോസ എന്നീ സ്ത്രീകളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് സംഭവം.
സെപ്തംബർ 20ന് ശങ്കര്‍ കുംഭാരെ എന്നയാള്‍ക്കും ഭാര്യ വിജയയ്ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു. പിന്നീട് ചികിത്സയില്‍ കഴിയുന്നതിനേക്കാള്‍ ഇടയില്‍ ഒടുവിൽ നാഗ്പൂരിലെ ആശുപത്രിയില്‍ വെച്ച് ശങ്കര്‍ കുംഭാരെ സെപ്തംബര്‍ 26ന് മരിച്ചു. ഒരു ദിവസത്തിന് ശേഷം ഭാര്യ വിജയയും മരിച്ചു
എന്നാല്‍, ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ആണ് മക്കളായ കോമൾ ദഹാഗോക്കർ, ആനന്ദ, റോഷൻ കുംഭാരെ എന്നിവരെയും ഇതേ ലക്ഷണങ്ങള്‍ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവില്‍ കോമൾ ഒക്ടോബർ 8 നും ആനന്ദ 14 നും റോഷൻ കുംഭാരെ 15 നും മരിച്ചു.
കുടുംബാംഗങ്ങളുടെ മരണവാർത്തയറിഞ്ഞ് ശങ്കർ കുംഭാരെയുടെ മൂത്തമകൻ സാഗർ കുംഭാരെ ഡെല്‍ഹിയില്‍ നിന്ന് ചന്ദ്രാപുരില്‍ എത്തി. വീട്ടിലെത്തിയതിനു പിന്നാലെ ഇയാൾക്കും അസുഖം പിടിപെട്ടു. ശങ്കറിനെയും വിജയയെയും ചികിത്സയ്ക്കായി കൊണ്ടുപോയ ഡ്രൈവർ രാകേഷ് മാഡവിയെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഹായിക്കാനുണ്ടായിരുന്ന ബന്ധുവും അസുഖം ബാധിച്ച് ചികിത്സയിലായി. മൂവരുടെയും നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മരിച്ച അഞ്ച് കുടുംബാംഗങ്ങൾക്കും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേർക്കും സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. കഠിനമായ ശരീര വേദന, തലവേദന, ചുണ്ടുകളുടെ നിറംമാറ്റം എന്നിങ്ങനെയായിരുന്നു ലക്ഷണങ്ങള്‍. മരിച്ചവരും രോഗികളും വിഷം കഴിച്ചതാണെന്ന് മെഡിക്കൽ ഓഫീസർ ആദ്യം സംശയിച്ചു. അന്വേഷണം നടത്താൻ പൊലീസ് നാല് സംഘങ്ങളെ ഉടൻ രൂപീകരിച്ചു.
അന്വേഷണത്തിനൊടുവിലാണ് സംഘമിത്ര, റോസ എന്നീ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ശങ്കര്‍ കുംഭാരെയുടെ മരുമകളും റോഷൻ കുംഭാരെയുടെ ഭാര്യയുമായിരുന്നു സംഘമിത്ര. മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായാണ് സംഘമിത്ര റോഷനെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് സംഘമിത്രയുടെ അച്ഛൻ ജീവനൊടുക്കി. അതിനുശേഷം അസ്വസ്ഥയായിരുന്നു. കൂടാതെ ഭർത്താവും ഭര്‍ത്താവിന്‍റെ മാതാപിതാക്കളും സംഗമിത്രയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പൊലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു.
വിജയയുടെ ബന്ധുവായിരുന്നു റോസ രാംതെകെ. ഭർത്താവിന്റെ മാതാപിതാക്കളുടെ സ്വത്ത് വിജയയും സഹോദരിമാരും പങ്കിടുന്നതിനെച്ചൊല്ലി റോസയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘമിത്രയും റോസയും ചേര്‍ന്ന് കുടുംബാംഗങ്ങളെ കൊല്ലാൻ ഗൂഢാലോചന നടത്തി. വിഷത്തെ കുറിച്ച് അവർ ആദ്യം ഓൺലൈനിൽ തിരഞ്ഞു. വെള്ളത്തിലോ ഭക്ഷണത്തിലോ കലർത്തിയാൽ കണ്ടെത്താനാകാത്ത വിഷം വാങ്ങി. റോസ തെലങ്കാനയിലേക്ക് പോയാണ് വിഷം സംഘടിപ്പിച്ചതെന്നും ഔഷധ ഗുണമുള്ള വെള്ളമാണെന്ന് പറഞ്ഞ് എല്ലാവരെയും കുടുപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Post Your Comments