Latest NewsNewsInternational

ഹമാസ്-ഇസ്രായേൽ യുദ്ധം; ഇസ്രായേൽ സന്ദർശനത്തിന് ജോ ബൈഡൻ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേൽ സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജോ ബൈഡൻ രാജ്യം സന്ദർശിക്കുന്നത്. ഇന്ന് വൈകിട്ട് അദ്ദേഹം ഇസ്രയേലിലെത്തും. ഇസ്രായേലിനും പ്രദേശത്തിനും ലോകത്തിനും ഒരു നിർണായക നിമിഷത്തിലാണ് ഈ സന്ദർശനം നടക്കുന്നതെന്നും നിലവിൽ ഹമാസുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേലിനോട് ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വൈറ്റ് ഹൗസ് ഊന്നിപ്പറഞ്ഞു. സന്ദർശന വേളയിൽ, പ്രധാനമന്ത്രി നെതന്യാഹുവിനോടും മറ്റ് ഇസ്രായേലി നേതാക്കളോടും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രസിഡന്റ് ബൈഡൻ ഉദ്ദേശിക്കുന്നതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ പ്രസ്താവിച്ചു.

അതേസമയം, ഹമാസ്-ഇസ്രായേൽ യുദ്ധം മുറുകിയിരിക്കുകയാണ്. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സെൻട്രൽ ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂറോളം പേർ സംഭവത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് നേതൃത്വം പുറത്തുവിട്ട റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ജോർദ്ദാൻ, തുർക്കി, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രായേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button