Latest NewsKeralaNews

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്ന് ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സൺ. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി അന്ന മജ ഹെന്റിക്‌സണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെത്തിയ ഫിൻലൻഡ് സംഘം തൈക്കാട് ഗവൺമെന്റ് എൽ.പി. സ്‌കൂളും വഴുതക്കാട് കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചു.

Read Also: നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി നൽകി

ഇന്ത്യയിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ താൻ സന്ദർശനത്തിനെത്തുന്നതെന്നു പറഞ്ഞാണ് തൈക്കാട് എൽ പി സ്‌കൂളിൽ അധ്യാപകരുമായി നടത്തിയ ആശയ വിനിമയം ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി ആരംഭിച്ചത്. കേരളം വിദ്യാഭ്യാസത്തിനു നൽകുന്ന പ്രധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനാർഹമാണ്. കുട്ടിക്കാലം മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന രീതിയാണു ഫിൻലൻഡ് സ്വീകരിച്ചുവരുന്നത്. കേരളത്തിൽ താൻ സന്ദർശിച്ച ആദ്യ സ്‌കൂളിലെ ക്ലാസ് മുറികളെല്ലാം കുട്ടികളുടെ കലാസൃഷ്ടികളാൽ മനോഹരമാണ്. സൃഷ്ടിപരമായ കഴിവുകൾക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെ രീതിയും ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.

അധ്യാപക പഠനത്തിന് എത്തിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും വനിതകളാണെന്നത് ഏറെ സന്തോഷകമരാണെന്നു കോട്ടൺഹിൽ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിൽ അന്ന മജ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടേയും ഭാഗമായി ജീവിക്കുകയെന്ന സുപ്രധാന ദൗത്യമാണ് അധ്യാപകർ നിർവഹിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഭാവിയുടെ നിർണായക ഭാഗമാണ് അവിടുത്തെ അധ്യാപകർ. മികച്ച അധ്യാപകരാണു മികച്ച തലമുറയെ സൃഷ്ടിക്കുന്നത്. മൂല്യനിർണയത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഫിൻലൻഡിലെ വിദ്യാഭ്യാസ രീതി. താഴ്ന്ന ക്ലാസുകളിൽ മൂല്യനിർണയ സമ്പ്രദായം ഇല്ലാത്തതുകൊണ്ടുതന്നെ അധ്യാപകരെ പൂർണമായി വിശ്വസിച്ചാണ് അവിടുത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖല നിലനിൽക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഫീസില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. സാർവത്രിക വിദ്യാഭ്യാസം സൗജന്യമായിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പ്രശംസിച്ചു.

രാവിലെ വിമാനത്താവളത്തിലെത്തിയ സംഘത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സംഘം ഇന്ന് (19 ഒക്ടോബർ) മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ തലവൻമാർ എന്നിവരുമായി ചർച്ച നടത്തും.

ഫിൻലൻഡിലെ വിദഗ്ധ സംഘം മുമ്പ് കേരളം സന്ദർശിക്കുകയും പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തൽ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചർച്ച നടത്തുകയും വിവിധ മേഖലകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൈമാറുന്നതിന് വർക്കിങ് ഗ്രൂപ്പുകൾ ചേരുകയും ചെയ്തിരുന്നു. ഫിൻലൻഡുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയാണു സന്ദർശനത്തിന്റെ ഉദ്ദേശ്യം.

Read Also: ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടതായി വരുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button