കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് സഹപ്രവർത്തകർ രംഗത്തെത്തി. സിനിമകളിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു കുണ്ടറ ജോണിയെന്ന് താരങ്ങൾ ഓർക്കുന്നു. ജോണിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ജോണിയുടെ വേർപാടിൽ മമ്മൂട്ടിയും തന്റെ വിഷമം പങ്കുവെച്ചു. പ്രിയ സുഹൃത്ത് ജോണിക്ക് ആദരാഞ്ജലികൾ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇതിനിടെ ജോണി അടുത്തിടെ നൽകിയ ഒരു അഭിമുഖവും അതിലെ അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധേയമാകുന്നു. ആവനാഴി സിനിമ ഷൂട്ടിങ് നടന്നപ്പോഴുണ്ടായ സംഭവമാണ് ജോണി പറഞ്ഞത്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും ജോണി മനസ് തുറന്നു.
ആ സംഭവമിങ്ങനെ;
ആവനാഴി ഷൂട്ട് നടക്കുന്നു. മമ്മൂട്ടിയെ നാട്ടുകാർ തല്ലുന്ന ഒരു സീൻ ആണ് എടുക്കുന്നത്. അപ്പോൾ ജോണി പോലീസ് ജീപ്പിൽ വന്നു ജനങ്ങളെ മാറ്റി മമ്മൂട്ടിയെ രക്ഷിക്കുന്നു. ഇതാണ് സീൻ. തല്ലുന്ന നാട്ടുകാരിൽ ഒരു ആർട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചു. സംവിധായകൻ അയാളെ മാറ്റാൻ പറഞ്ഞു. അപ്പോൾ ജോണി പറഞ്ഞു, മാറ്റേണ്ട. അയാൾ അവിടെ നിന്നോട്ടെ എന്ന്. സംവിധായകൻ ഐ വി ശശി വീണ്ടും മാറ്റാൻ പറഞ്ഞപ്പോൾ ജോണി റിക്വസ്റ്റ് ചെയ്തു, അയാൾ അവിടെ നിക്കട്ടെ ശശിയേട്ടാ എന്ന്.
അടുത്ത സീൻ വന്നു. ജോണി മമ്മൂട്ടിയെ രക്ഷിക്കുന്ന സീൻ. ജീപ്പിൽ നിന്ന് ഇറങ്ങി ഓടി ചെന്ന ജോണി മമ്മൂട്ടിയെ തല്ലിയ അവനെ ഒറ്റ ഇടിയും ചുരുട്ടി വലിച്ചൊരു ഏറും കൊടുത്തു. എല്ലാം കഴിഞ്ഞു അയാളുടെ അടുത്ത് പോയി ഇച്ചിരി സ്പീഡ് കൂടി പോയി എന്ന് പറയുകയും ചെയ്തു. ഇത് കഴിഞ്ഞു മമ്മൂട്ടി ചോദിച്ചു താൻ എന്തിനാ അങ്ങനെ ചെയ്തത് എന്ന്. ജോണി പറഞ്ഞു, നിങ്ങളെ തല്ലിയിട്ട് അവൻ അങ്ങനെ പോകേണ്ട എന്ന്.
Post Your Comments