ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്‌ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
അഭയാര്‍ത്ഥി ക്യാമ്പില്‍ ആറോളം പേരാണ് കൊല്ലപ്പെട്ടത്. അല്‍ മഗ്ഹാസി അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയുടെ ക്യാമ്പിലാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന ഇടമാണ് ആക്രമണത്തിന് ഇരയായ ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശമെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് ഇരയായ ആശുപത്രിയില്‍ ഇപ്പോഴും തീ ആളിപ്പടരുകയാണെന്ന് അല്‍ വഫ ആശുപത്രിയുടെ ഡയറക്ടര്‍ ഹസ്സന്‍ ഖലാഫ് വെളിപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്ന ആല്‍ ആഹ്‌ലി അറബ് ആശുപത്രിയില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയാണ് അല്‍ വഫ ആശുപത്രി.ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഇതുവരെ 3000 പിന്നിട്ടു. ഹമാസ് ആക്രമണത്തില്‍ 1400 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Post Your Comments