ടെഹ്‌റാന്‍: പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടയില്‍ പുതിയ നീക്കവുമായി ഇറാന്‍. ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ യോഗത്തില്‍ ഇറാന്‍ അഭ്യര്‍ത്ഥിച്ചു. ഇസ്രയേലുമായുള്ള എണ്ണ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വ്യാപാരങ്ങളും നിരോധിക്കണം. ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള അംഗരാജ്യങ്ങള്‍ ഇസ്രയേലി അംബാസഡര്‍മാരെ പിരിച്ചുവിടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഗാസയിലെ ഒരു ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ഞൂറോളം പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യയിലെ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത ഒഐസിസിയുടെ അടിയന്തര യോഗത്തിലാണ് ഇറാന്‍ ആവശ്യങ്ങളുന്നയിച്ചത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളഹിയാനാണ് ഈ യോഗത്തില്‍ പങ്കെടുത്തത്.
എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേലിനെതിരെ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി യോഗത്തില്‍ പറഞ്ഞു. ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള മുസ്ലീം രാജ്യങ്ങള്‍ അവരുടെ ഇസ്രയേല്‍ അംബാസഡര്‍മാരെ ഉടന്‍ പിരിച്ചുവിടണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ഇസ്ലാമിക അഭിഭാഷകരുടെ ഒരു സംഘവും രൂപീകരിക്കണമെന്നും ഹുസൈന്‍ അമീര്‍ അബ്ദുള്ളഹിയാന്‍ പറഞ്ഞു.
Post Your Comments