കൊച്ചി: ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങളുള്ളതിനാൽ 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗർഭഛിദ്രത്തിന് അനുമതി തേടി എറണാകുളം വൈപ്പിൻ സ്വദേശിനിയും ഭർത്താവും നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അനുമതി നൽകിയത്.
കുട്ടിയുടെയും അമ്മയുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടു പരിഗണിച്ചാണ് വിധി. കഴിയുമെങ്കിൽ ചൊവ്വാഴ്ച തന്നെ അബോർഷൻ നടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ തവണ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ മെഡിക്കൽ ബോർഡിനെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോർട്ടു നൽകാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു.
ഇതനുസരിച്ചു നൽകിയ റിപ്പോർട്ടിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളും വിശദീകരിച്ചു. തുടർന്നാണ് ഹൈക്കോടതി അബോർഷന് അനുമതി നൽകിയത്.
Post Your Comments