
- ദേവീദേവന്മാര്‍ക്ക് ഓരോരുത്തര്‍ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.
വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും, മോദകവുമാണ് നിവേദ്യം. അഷ്ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശനത്തിനായാണ് ഗണപതിഹോമം നടത്തുന്നത്. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ് നാളികേരമുടയ്ക്കല്‍. ചൊല്ലേണ്ട മൂലമന്ത്രം ‘ഓം ഗം ഗണപതയേ നമ:’ നിത്യേന നൂറ്റിയെട്ട് പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.
മഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം എന്നിവ. വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് ചെയ്യേണ്ടത്. ഭഗവാന് സുദര്‍ശനഹോമമാണ് മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുതാനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ് ഫലങ്ങള്‍. ‘ഓം നമോ നാരായണായ’ (അഷ്ടാക്ഷരമന്ത്രം), ‘ഓം നമോ ഭഗവതേ വാസുദേവായ’ (ദ്വാദശാക്ഷരമന്ത്രം) എന്നിവയാണ് മൂലമന്ത്രങ്ങള്‍. ഇവ നിത്യേന 108 പ്രാവശ്യം ഉരുവിടുക.
പരമശിവന് കൂവളത്തിലയാണ് പ്രധാനം. ആയുര്‍സൂക്താര്‍ച്ചന, സ്വയംവര പുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം എന്നിവ ഫലം. ശിവന്റെ മൂലമന്ത്രമായ ‘ഓം നമ:ശിവായ’ നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക. ശ്രീരാമന് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് രാമതുളസി, മുല്ലമൊട്ട് എന്നിവ..
പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ് നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്‌നീവ്രതം, ശാന്തത, ശൗര്യം, ജ്ഞാനപ്രാപ്തി, വിവാഹലബ്ധി, നേതൃപാടവം എന്നിവ ഫലം. ദിവസവും നൂറ്റെട്ടുപ്രാവശ്യം ‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ, ഹരേകൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ ചൊല്ലുക. താമരയാണ് സരസ്വതി ദേവിയ്ക്ക് ഇഷ്ടപ്പെട്ട പുഷ്പം. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ് നിവേദ്യം. സരസ്വതീപുഷ്പാഞ്ജലിയാണ് അര്‍ച്ചന. ഫലം വിദ്യാഗുണം, ‘ഓം ഹ്രീം ഹ്രീം സരസ്വതൈ്യസ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടപുഷ്പമാണ് നീല ശംഖുപുഷ്പം, കൃഷ്ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം. ഓം ക്ലീം കൃഷ്ണായനമ:’ എന്ന മൂലമന്ത്രം ദിവസവും 108 പ്രാവശ്യം ഉരുക്കഴിക്കുക. മഹാലക്ഷ്മിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് വൈഷ്ണവസംബന്ധമായ എല്ലാ പുഷ്പങ്ങളും. ശ്രീസൂക്താര്‍ച്ചനയാണ് പ്രധാനം. ഫലം ഐശ്വര്യം, തേജസ്സ് മുതലായവ. പാല്‍പ്പായസമാണ് നിവേദ്യമായി സമര്‍പ്പിക്കേണ്ടത്. ‘ഓം ഹ്രീം മഹാലക്ഷ്‌മൈ്യനമ:’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക. ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്ടപുഷ്പമാണ് കുങ്കുമപ്പൂവ്. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചന എന്നിവ പ്രധാനം. പായസം, കൂട്ടുപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയാണ് ഫലം.
Post Your Comments