ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്പിൽ വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. തങ്ങളുടെ കഴിവ് എന്താണെന്ന് ഹമാസ് ലോകത്തിന് വീണ്ടും വീണ്ടും കാണിച്ചുകൊടുത്തു. ഇപ്പോൾ ഐഡിഎഫ് അതിലും വലിയ ശക്തിയോടെ നേരിടാൻ തയ്യാറാണ് എന്ന് ഇസ്രായേൽ അറിയിച്ചു. തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. എന്നാൽ, എപ്പോൾ ആക്രമണം തുടങ്ങുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
ശനിയാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ ഉന്നത സൈനിക വിഭാഗമായ നുഖ്ബ സേനയുടെ ഉന്നത കമാൻഡറായിരുന്ന ബില്ലാൽ അൽ-ഖേദ്രയെ തങ്ങൾ വധിച്ചതായി സൈന്യം അറിയിച്ചു. ഹമാസ് സൈന്യത്തിന്റെ എലൈറ്റ് കമാൻഡോ വിഭാഗമായ നുഖ്ബ സേനയുടെ കമാൻഡറായിരുന്നു ബിലാൽ അൽ-കേദ്ര. തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് നിരിം, നിർ ഓസ് എന്നിവിടങ്ങളിൽ നടന്ന മാരകമായ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഇയാളായിരുന്നു.
ഇസ്രായേലിന്റെ കര ആക്രമണത്തെ ഭയന്ന് പതിനായിരക്കണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നത് തുടരുന്നു. ഹമാസ്-ഇസ്രായേൽ ആക്രമണത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നുമായി മൊത്തം മരണസംഖ്യ 3,500 കവിഞ്ഞു. വിപുലമായ ആക്രമണ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ഗാസ സിറ്റി പിടിച്ചെടുക്കാൻ 10,000 സൈനികരെയാണ് അയക്കുക.
ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ പദ്ധതിയിടുമ്പോൾ ഇസ്രയേലിനെതിരെ ഇറാൻ രംഗത്തെത്തി. ‘യുദ്ധക്കുറ്റങ്ങളും വംശഹത്യയും’ ഇസ്രായേൽ തുടരുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഒരു കര ആക്രമണം നടത്തിയാൽ ടെഹ്റാൻ ഇടപെടുമെന്നും ഇസ്രായേൽ പ്രതിരോധത്തിന്റെ ‘വലിയ ഭൂകമ്പം’ നേരിടേണ്ടിവരുമെന്നും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments