ഹമാസിനെ വാഴ്ത്തുകയും പിന്തുണ നൽകുകയും ചെയ്യുന്ന പോസ്റ്റുകൾ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയ്ക്ക് നിർദ്ദേശം നൽകിയത്. ഒക്ടോബർ 7ന് ഇസ്രയേലിന് നേരെ അഴിച്ചുവിട്ട ആക്രമണത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ മുഖാന്തരം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെയാണ് യൂറോപ്യൻ യൂണിയന്റെ രൂക്ഷ വിമർശനം.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹീബ്രു, അറബിക് ഭാഷകളിലുള്ള 7,95,000 പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും, മറ്റുള്ള പോസ്റ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഹമാസിന് മെറ്റാ പ്ലാറ്റ്ഫോമിൽ വിലക്ക് ഉണ്ടെങ്കിലും, ഹമാസുമായി ബന്ധപ്പെട്ട സാമൂഹിക, രാഷ്ട്രീയ സംവാദങ്ങൾക്ക് അനുവാദം നൽകുന്നുണ്ട്. ഇതിൽ വാർത്തകളും, മനുഷ്യാവകാശ പ്രശ്നങ്ങളും, അക്കാദമിക വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമാണ് മെറ്റ.
Also Read: യുവാവിനെ കാണാതായതില്‍ ദുരൂഹത, സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ച
Post Your Comments