തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത ശക്തമായ മഴയിൽ റോഡുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി.
ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതൽ വീടുകളിൽ വെള്ളം കയറിയെന്ന് നാട്ടുകാർ പറഞ്ഞു.
കൊച്ചിയിലും ഇന്നലെ മുതല്‍ കനത്ത മഴയാണ്. ഇന്നലെ മുതൽ പെയ്ത മഴയില്‍ കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.
Post Your Comments