Latest NewsKeralaIndia

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ 400-ൽ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇപ്പോൾ തുറമുഖ കവാടത്തിലുണ്ട്. തുറമുഖത്തിന്റെ അതീവ സുരക്ഷാ മേഖലയിൽ പൊതുജനങ്ങൾക്കടക്കം ദൃശ്യങ്ങൾ പകർത്തുന്നതിന് കർശനമായ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

രാജ്യാന്തര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞം തുറമുഖത്ത് ശക്തമായ വ്യോമ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റൽ പൊലീസിൻ്റെ 10 ബോട്ടുകളാണ് ചൈനയിൽ നിന്ന് എത്തിയ ചരക്കു കപ്പലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.

ആദ്യ കപ്പൽ എത്തുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി അടക്കം വിഴിഞ്ഞത്തേക്ക് എത്തുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം മുതൽ പൊലീസിന്റെ നിയന്ത്രണത്തിൽ ആവും ഈ തീരമേഖല. രാജ്യത്തെ തന്ത്ര പ്രധാനമായ തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ആ പ്രാധാന്യത്തോടെ ഉള്ള സുരക്ഷ തന്നെ ഒരുക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button