ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ ചെയ്തതൊന്നും മറക്കില്ലെന്നും പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതര്‍ക്കെതിരേ തങ്ങളുടെ ശത്രുക്കള്‍ ചെയ്തതെന്നും നെതന്യാഹു പറഞ്ഞു. സമാനതകളില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്.
‘ഞങ്ങള്‍ രാജ്യത്തിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കം മാത്രമാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോകനേതാക്കളുമായി സംസാരിച്ചും മറ്റ് ശ്രമങ്ങളിലൂടെയും ലോകത്തിന്റെയാകെ പിന്തുണ ഇസ്രയേലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഇസ്രായേലിന് തങ്ങളുടെ പിന്തുണ അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനാ മേധാവിയെ കൊല്ലപ്പെടുത്തി ഇസ്രായേൽ.
Post Your Comments