KeralaLatest News

നിയമന കോഴക്കേസ് പ്രതി താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ! പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുറി നൽകിയതാകുമെന്ന് സുനിൽകുമാർ

തിരുവനന്തപുരം: നിയമന കോഴ കേസ് പ്രതി കെ.പി. ബാസിത് തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ വി. ആർ. സുനിൽ കുമാറിന്റെ എംഎൽഎ ഹോസ്റ്റലിൽ. ഏപ്രിൽ 10, 11 തീയതികളിലാണ് താമസിച്ചത്. പരാതിക്കാരനായ ഹരിദാസനും കൂടെയുണ്ടായിരുന്നെന്നും ബാസിത് മൊഴി നൽകി. എന്നാൽ ബാസിതിനെ അറിയില്ലെന്നും പാർട്ടിക്കാരൻ എന്ന രീതിയിൽ വന്നപ്പോൾ മുറി നൽകിയതാകാം എന്നുമാണ് വി.ആർ. സുനിൽ കുമാറിന്റെ പ്രതികരണം. ഏത് അന്വേഷണം നേരിടാനും തയാറാണെന്നും എംഎൽഎ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് കോഴ നൽകാൻ എന്ന പേരിൽ ഹരിദാസനും ബാസിതും ഏപ്രിൽ 10, 11 തീയതികളിൽ തിരുവനന്തപുരത്തുണ്ടായിരുന്നു. ഒരു സുഹൃത്തു വഴിയാണ് മുറി ലഭിച്ചതെന്ന് ബാസിത് ചോദ്യം ചെയ്യലിൽ പറഞ്ഞു. എഐഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ബാസിതിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നായിരുന്നു പാർട്ടി വിശദീകരണം.

ബാസിത് എഐഎസ്എഫ് നേതാവ് ആയിരുന്നെങ്കിൽ മുഖ്യപ്രതി അഖിൽ സജീവ് സിഐടിയു ഓഫിസ് സെക്രട്ടറിയും മറ്റൊരു പ്രതി ലെനിൻ രാജൻ സിപിഎം കുടുംബാംഗവും ആയിരുന്നു. എന്നാൽ നിയമനക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയത് പ്രതിപക്ഷമാണെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ആരോപണം. ഈ ആരോപണം സാധൂകരിക്കുന്ന രീതിയിൽ പൊലീസിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. തട്ടിപ്പ് ഗൂഢാലോചന അന്വേഷിക്കുന്നതിനായി ബാസിതിനെ അന്വേഷണസംഘം മലപ്പുറത്തേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments


Back to top button