Latest NewsKeralaNews

ഓപ്പറേഷൻ ബ്ലൂപ്രിന്റ്: സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: ഓപ്പറേഷൻ ബ്ലൂപ്രിന്റ് എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിലും, കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും, ഗ്രാമപഞ്ചായത്തുകൾ മുഖേന ചെയ്യുന്ന നിർമ്മാണ പ്രവർത്തികളിൽ ക്രമക്കേട് നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Read Also: ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും, ആയുധങ്ങൾ വാങ്ങാൻ പണം; ഇസ്രായേലിന് സഹായ ഹസ്തങ്ങളുമായി അമേരിക്കൻ ജൂതന്മാർ

മരാമത്ത് പണികളിൽ കരാറുകാരെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത 57 ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗത്തിൽ സംസ്ഥാന വ്യാപകമായി ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്. മിന്നൽ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തിലും, ഇടുക്കി, കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾ വീതവും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ 4 ഗ്രാമപഞ്ചായത്തുകൾ വീതവും, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 3 ഗ്രാമപഞ്ചായത്തുകൾ വീതവുമായാണ് മിന്നൽ പരിശോധന നടത്തിയത്.

മിന്നൽ പരിശോധന നടത്തിയ 57 ഗ്രാമപഞ്ചായത്തുകളിലായി കെട്ടിട നിർമ്മാണ അനുമതിക്കായുള്ള 1689 അപേക്ഷകളും, കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും തീരുമാനമാകാതിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി, കണ്ണൂർ ജില്ലയിലെ വളപട്ടണം, കൊല്ലം ജില്ലയിലെ കുലശേഖരപുരം, കോട്ടയം ജില്ലയിലെ കല്ലറ, കാഞ്ഞിരപ്പള്ളി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കുമാരംപുത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ കേരള കെട്ടിടനിർമ്മാണചട്ടം പാലിക്കാതെ തന്നെ പൂർത്തീകരിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകിയതായി വിജിലൻസ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിച്ച കോൺക്രീറ്റിന്റെ ബലം കുറവാണെന്ന് ലാബ് പരിശോധന ഫലം ലഭിച്ച ശേഷവും ബില്ല് മാറി നൽകിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വർഷം ടെൻഡർ ചെയ്ത മരാമത്ത് പ്രവർത്തികളിൽ 69 എണ്ണത്തിൽ 27 എണ്ണവും, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ 54 എണ്ണത്തിൽ 21 എണ്ണവും, തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ 15 എണ്ണത്തിൽ 12 എണ്ണവും, കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ 35 എണ്ണത്തിൽ 11 എണ്ണവും, ഒരേ കരാറുകാർക്കാണ് നൽകിയിരിക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നടപ്പ് സാമ്പത്തികവർഷം ഇ- ടെൻഡർ അല്ലാതെ ഓപ്പൺ ടെണ്ടർ വിളിച്ച 4 നിർമ്മാണ പ്രവർത്തികളും ഒരേ കരാറുകാരന് നൽകിയതായും വിജിലൻസ് കണ്ടെത്തി. മിന്നൽ പരിശോധനയിൽ മലപ്പുറം ജില്ലയിലെ ഇടരിക്കോട്, വയനാട് ജില്ലയിലെ വെള്ളമുണ്ട, കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ, കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകളിലെ ചില അംഗീകൃത (Aided) സ്‌കൂളുകളിലെ കെട്ടിടങ്ങളിൽ ചിലത് പഞ്ചായത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, ചെങ്കൽ എന്നീ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളിലെ ഒരു കെട്ടിടത്തിന് പഞ്ചായത്ത് അധികൃതർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും വിജിലൻസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധിപ്പിച്ചതിൽ ബലക്ഷയമുള്ളതായും വിജിലൻസ് അറിയിച്ചു.

Read Also: മദ്യ ലഹരിയില്‍ കാര്‍ അടിച്ചു തകര്‍ത്തു, വീടുകള്‍ക്ക് നേരെ ആക്രമണം: മൂന്നുപേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button