ന്യൂഡല്‍ഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ് ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ് ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ്ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി.
അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്.
തന്റെ വസതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഭട്ടാചാര്യ രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിക്ക് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കാലാവധി നീട്ടി നൽകുന്നത് സംബന്ധിച്ച് രാജ്യസഭയുടെ ഹൗസിംഗ് കമ്മിറ്റിയിൽ നിന്ന് തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും എത്രയും വേഗം വസതി ഒഴിയാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ഭട്ടാചാര്യ വ്യക്തമാക്കുന്നത്
ഭട്ടാചാര്യക്ക് മുമ്പ് നടി രേഖയ്ക്കായിരുന്നു ഈ വസതി അനുവദിച്ചിരുന്നത്. എന്നാല്‍ ഈ നേതാക്കളാരും ഇവിടെ താമസിച്ചിരുന്നില്ല, പാർട്ടി പ്രവർത്തനത്തിന് മാത്രമാണ് വസതി ഉപയോഗിച്ചിരുന്നത്.
Post Your Comments