പത്തനംതിട്ട: കേരളത്തെ വിറപ്പിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം. സാമ്പത്തിക പുരോഗതിക്കായി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് ദമ്പതികൾ കൊലപ്പെടുത്തിയത് രണ്ട് സ്ത്രീകളെയാണ്. പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും ഇപ്പോഴും അഴിക്കുള്ളിൽ തന്നെയാണ്. നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇപ്പോഴും ആളുകളെത്തുന്നു.
അരുംകൊലകൾ നടന്ന വീട് പൊലീസ് സീൽ ചെയ്തു. ഇവിടെ ഇപ്പോൾ താമസക്കാർ ആരുമില്ല. ഒപ്പം ഭഗവൽസിങ്ങിന്‍റെ തിരുമ്മൽ കേന്ദ്രവും കാടുമൂടി. മുഹമ്മദ് ഷാഫിയെന്ന മനോവൈകൃതമുള്ള പ്രതിയുടെ കെണിയിൽ ഭഗവൽസിങ്ങും ഭാര്യ ലൈലയും വീഴുകയായിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്ക് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങൾ ഭക്ഷിക്കണം എന്നതായിരുന്നു ഷാഫിയുടെ നിർദേശം. അന്ധവിശ്വാസത്താൽ കാഴ്ച നഷ്ടപ്പെട്ട ദമ്പതികൾ ഷാഫി പറഞ്ഞതെല്ലാം അനുസരിച്ചു.
കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെയാണ് ദമ്പതികൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ കറങ്ങി. കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതിവ സുരക്ഷാ ജയിലിലാണിപ്പോൾ.
Post Your Comments