രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ വായ്പ പരിധി പുതുക്കി നിശ്ചയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണ വായ്പ തിരിച്ചടവ് സ്കീം അനുസരിച്ച്, ഒറ്റത്തവണയായുളള സ്വർണ വായ്പ തിരിച്ചടവ് 4 ലക്ഷം രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇത് രണ്ട് ലക്ഷമായിരുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അർബൻ സഹകരണ ബാങ്കുകൾക്കാണ് ഇത് സംബന്ധിച്ച് പ്രത്യേക അനുമതിയോടെ വായ്പ നൽകാൻ സാധിക്കുക. സ്വർണ വായ്പ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിശദ മാർഗ്ഗരേഖ ഉടൻ തന്നെ പുറത്തിറക്കുമെന്ന് ആർബിഐ വ്യക്തമാക്കി.
അർബൻ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വർണ വായ്പ പരിധി ഉയർത്തിയിരിക്കുന്നത്. മുൻഗണന വിഭാഗങ്ങൾക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ അർബൻ സഹകരണ ബാങ്കുകൾ വിജയിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടി. 2023 മാർച്ച് 31 വരെയുള്ള ലക്ഷ്യം പൂർത്തിയാക്കിയ അർബൻ സഹകരണ ബാങ്കുകൾക്കാണ് കൂടുതൽ തുക വായ്പയായി ലഭിക്കുക. ദുർബല വിഭാഗങ്ങൾക്കുള്ള വായ്പകൾക്കു പുറമേ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വിദ്യാഭ്യാസം, പുനരുപയോഗ ഊർജ്ജം, കൃഷി എന്നിങ്ങനെ 8 വിഭാഗങ്ങളാണ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments